പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് മരിച്ച നാലു വിദ്യാർഥികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), ആയിഷ (13) എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചത്.
രാവിലെ 8.30ന് വിദ്യാർഥിനികളുടെ മൃതദേഹം തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10.30ന് ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു.
പരിക്കേറ്റ ഡ്രൈവർ കാസർകോട് സ്വദേശി വർഗീസ് (52), ക്ലീനർ മഹേന്ദ്ര പ്രസാദ് (28) എന്നിവർ മണ്ണാർക്കാട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.