X

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പരാതി നൽകി സംവിധായകൻ ലൂയിത് കുമാർ ബർമ്മൻ

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി. ചലച്ചിത്ര സംവിധായകന്‍ ലൂയിത് കുമാര്‍ ബര്‍മ്മന്‍ ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് പരാതിയില്‍ പറയുന്നത്. പരാതി പരിശോധിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.

ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വിവാദ പരാമര്‍ശം. ‘ലോകമെമ്പാടും മഹാത്മാഗാന്ധി ഒരു മഹാനായ വ്യക്തിയായിരുന്നു. ലോകം മുഴുവന്‍ മഹാത്മാഗാന്ധിയെ അറിയുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഈ 75 വര്‍ഷത്തെ നമ്മുടെ ഉത്തരവാദിത്തമല്ലേ. ഗാന്ധിജിയെ കുറിച്ച് ആര്‍ക്കും അറിയില്ല എന്നതില്‍ ഖേദമുണ്ട്.

ആദ്യമായി ‘ഗാന്ധി’ എന്ന സിനിമ ചെയ്തപ്പോള്‍, ആരാണ് ഈ വ്യക്തി എന്നറിയാന്‍ ലോകമെമ്പാടും ആകാംക്ഷയുണ്ടായിരുന്നു.’- മോദിയുടെ വാക്കുകള്‍. ഒരു പൗരനെന്ന നിലയിൽ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ലോകത്തിന് അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ഒരു സിനിമയുടെയും ആവശ്യമില്ലെന്നും ലൂയിത് കുമാര്‍ ബര്‍മ്മന്‍റെ പരാതിയില്‍ പറയുന്നു.

ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമ 1982 ല്‍ ഇറങ്ങുന്നതുവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മഹാത്മ ഗാന്ധിക്കു വേണ്ടത്ര സ്വീകാര്യതയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സന്‍ മണ്ടേലയെയും ലോകത്തിന് അറിയാമായിരുന്നെങ്കില്‍, അതിലൊട്ടും കുറഞ്ഞ ആളായിരുന്നില്ല ഗാന്ധിയെന്ന കാര്യം സമ്മതിച്ചേ പറ്റൂ. ഗാന്ധിയും അദ്ദേഹത്തിലൂടെ ഇന്ത്യയും അംഗീകരിക്കപ്പെടേണ്ടതായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് ഞാന്‍ ഇതു പറയുന്നത്’- അഭിമുഖത്തില്‍ മോദി പറഞ്ഞു.

 

webdesk13: