അശ്റഫ് തൂണേരി
ദോഹ:സാര്‍, കിദര്‍ ജാതാഹെ… ഫിഫ ഫാന്‍ഫെസ്റ്റിവല്‍ മുഖ്യകവാടം കഴിഞ്ഞ് പണിപുരോഗമിക്കുന്ന ഇടത്തേക്ക് മുന്നോട്ടുപോയപ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ ചോദിച്ചു. കാണാന്‍ വന്നതാണെന്നും പാസ് കാണിച്ച് മാധ്യമപ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ നേപ്പാളില്‍ നിന്നുള്ള കുമാര്‍ ബഹാദൂറിന് ബഹുത് ഖുഷി. ചൂണ്ടിക്കാണിച്ച് ഓരോ ഇടങ്ങളെക്കുറിച്ചും പറഞ്ഞു. ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.
ഫുട്ബോള്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും വെവ്വേറെ പ്രവേശന കവാടങ്ങള്‍. കളി കാണാനുള്ള കൂറ്റന്‍ സ്‌ക്രീന്‍. ഫിഫ സ്റ്റോര്‍. ആരാധകര്‍ക്കും ഡിജിറ്റലായി ഫ്യൂഷന്‍ അനുഭവം സമ്മാനിക്കുന്ന വിസ മാസ്റ്റേഴ്സ് ഓഫ് മൂവ്മെന്റ് കേന്ദ്രം. 32 രാജ്യങ്ങള്‍ അവരുടെ കലാപ്രകടനങ്ങള്‍ നടത്താനുള്ള സ്റ്റേജ് സംവിധാനം. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍…എല്ലാം തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തില്‍. പണിക്കാരും വളണ്ടിയര്‍മാരുമെല്ലാം ആവേശഭരിതരായാണ് സംസാരിക്കുന്നത്. ”നവംബര്‍ 19-നാണ് ഞങ്ങളോട് ഡ്യൂട്ടിക്ക് ഹാജരാവാന്‍ പറഞ്ഞത്. ഇതിനായുള്ള ശാസ്ത്രീയമായ പരിശീലനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയായി” ഫാന്‍സോണിലെ വളണ്ടിയര്‍ സേവനം ചെയ്യുന്ന കെ.എം.സി.സി പ്രവര്‍ത്തകന്‍ മേപ്പയ്യൂര്‍ സ്വദേശി സഹല്‍ പൊയില്‍ പറഞ്ഞു.
ഫിഫ മ്യൂസിയം ഫാന്‍ഫെസ്റ്റിവലിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ്. ഗോളുകള്‍ ചരിത്രം സൃഷ്ടിക്കുന്നുവെന്ന പേരിലാണ് ഇവിടെ പ്രദര്‍ശനം അരങ്ങേറുക. 1930 മുതലുള്ള ലോകകപ്പുകളുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മള്‍ട്ടി മീഡിയാ പ്രദര്‍ശനവും പ്രശസ്ത കളിക്കാര്‍ കളിചരിത്രം പറയുന്നതുമെല്ലാം ഫിഫ മ്യൂസിയം വഴി അവതരിപ്പിക്കപ്പെടും. ‘കുപ്പായങ്ങളുടെ മഴവില്ല്’ എന്ന പേരില്‍ ഖത്തര്‍ ഫിഫ ലോകകപ്പില്‍ കളിക്കുന്ന 32 ടീമുകളുടേയും ജഴ്സിയും പ്രദര്‍ശനത്തിലുണ്ടാവും.