X

മണ്ണിനടിയിലൊരു ജീവന്റെ തുടിപ്പ്; മുണ്ടക്കൈയിൽ അത്യാധുനിക റഡാർ സിഗ്നൽ ലഭിച്ചയിടത്ത് പരിശോധന

ദുരന്തഭൂമിയിൽ നാലാംദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മണ്ണിനടിയിൽ റഡാർ പരിശോധനയിൽ ജീവന്‍റെ സിഗ്നൽ കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ രണ്ടു തവണ സിഗ്നൽ ലഭിച്ചത്.

മനുഷ്യന്‍റേതെന്ന് ഉറപ്പില്ല. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുന്നുണ്ട്. ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തുന്നത്. കടയുടെ താഴെ ഭൂമിക്കടിയിൽ ഒരു മുറിയുണ്ടായിരുന്നെന്നും അത് ഷോറൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികൾ നൽകുന്ന വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും.

സിഗ്നൽ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കുന്നത്. 40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കും. പ്രദേശത്ത് ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. മറ്റിടങ്ങളിലെ തിരച്ചിൽ നിർത്തിവച്ച് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.

webdesk13: