X

അഭിമാന ‘ചെക്ക്’-പ്രതിഛായ

രാജാവിനെ വെട്ടാന്‍ കാലാള്‍ ആയാലും മതി. അതാണ് ചെസ്സിലെയും നിയമം. ചെസ് അഥവാ ചതുരംഗം പണ്ടുമുതല്‍ക്കേ ഇന്ത്യയിലെ അന്ത:പുരങ്ങളിലും രാജകൊട്ടാരങ്ങളിലുമായാണ് കളിച്ചുവന്നിരുന്നത്. പണക്കാരുടെയും അലസന്മാരുടെയും വിനോദം ഇന്ന് കുടിലില്‍ വരെ എത്തിനില്‍ക്കുന്നു. ഏറെ ബുദ്ധിയും സൂക്ഷ്മതയും ആവശ്യമുള്ള വിനോദമായാണ് ചെസ്സ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള പലരും ഈ കളിയില്‍ മികവ് പുലര്‍ത്തുന്നത് അതുകൊണ്ടുതന്നെ വലിയ അഭിമാനമായാണ് കാണുന്നത്. പരമ്പരാഗത കളിയല്ലാതിരുന്നിട്ടും റഷ്യയില്‍നിന്നും മറ്റും ലോക ചാമ്പ്യന്മാര്‍ ഈ രംഗത്തേക്ക് കയറിവരികയുണ്ടായി. ഇന്ത്യക്കാരുടെ ഗണത്തില്‍ രാജ്യത്തിന് മുഴുവന്‍ അഭിമാനമായാണ് വിശ്വനാഥന്‍ ആനന്ദിനു ശേഷം അദ്ദേഹത്തിന്റെ തമിഴ്‌നാട്ടുകാരനായ പ്രജ്ഞാനന്ദ എന്ന പതിനേഴുകാരന്റെ ചെസ്സിലെ നേട്ടമിപ്പോള്‍.

പത്താം വയസ്സില്‍ അന്താരാഷ്ട്ര മാസ്റ്ററായും 12-ാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്ററായും ശ്രദ്ധേയനായ രമേശ്ബാബു പ്രജ്ഞാനന്ദ കഴിഞ്ഞദിവസം രാജ്യത്തിന് സമ്മാനിച്ചത് മറ്റൊരു ചരിത്ര നേട്ടമാണ്. അഞ്ചുതവണ ലോകചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സനെ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ പരാജയപ്പെടുത്തിയാണിത്. തന്നെ തോല്‍പിക്കാന്‍ ലോകത്താരുമില്ലെന്ന് വീമ്പുപറഞ്ഞ കാള്‍സനെയാണ് അയാളുടെ പ്രായത്തിന് ഇരട്ടിയോളം താഴെയുള്ള (31 വയസ്സാണ് നോര്‍വീജിയക്കാരനായ കാള്‍സന്) തമിഴ് പയ്യന്‍ മലര്‍ത്തിയടിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എയര്‍തിംഗ്‌സ് മാസ്റ്റേഴ്‌സ് അതിവേഗ ഓണ്‍ലൈന്‍ മത്സരത്തിലും കാള്‍സനെ പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയിരുന്നു. മേയിലും പ്രജ്ഞ കാള്‍സനെ തുടര്‍ച്ചയായി പരാജയപ്പെടുത്തുകയുണ്ടായി. ഇത് മൂന്നാം തവണയാണ് വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സന്‍ ഒരിന്ത്യക്കാരനില്‍നിന്ന് തോല്‍വി വാങ്ങുന്നത്. ലോകത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് കളിക്കാരില്‍ നാലാമനാണ് പ്രജ്ഞാനന്ദ. അഭിമന്യുമിശ്ര, സെര്‍ജി കര്‍ജാക്കിന്‍, ഗുകേഷ്ഡി, ജവോക്കില്‍ സിന്തറോവ് എന്നിവരാണ് മറ്റുള്ളവര്‍. പത്താം വയസ്സിലാണിത്. 2013ല്‍ വെറും ഏഴാം വയസ്സില്‍ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫിഡേ ചാമ്പ്യനായി. 2015ലായിരുന്നു ലോക ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുന്നത്. 2016ല്‍ നേടിയ വിജയം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്കുള്ളതാണ്. 39 ചലനങ്ങളിലാണ് പ്രജ്ഞാനന്ദ അന്ന് വിജയിച്ചത്. ‘എനിക്ക് കിടക്കണം. അത്താഴം പുലര്‍ച്ചെ കഴിക്കാനാകില്ല’- എളുപ്പം വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പ്രജ്ഞ അന്ന് പറഞ്ഞു. വിശ്വനാഥന്‍ ആനന്ദും ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം പ്രജ്ഞയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ടു. ചെസ്സില്‍ എതിരാളിക്ക് ‘ചെക്ക’് വെക്കാന്‍ ഈ ചെറുക്കന് നിഷ്പ്രയാസം കഴിയുന്നുവെങ്കില്‍ അതിന് കാരണക്കാരന്‍ പ്രധാനമായും അവന്റെ പിതാവ് രമേശാണ്. രമേശിന് തന്നെയാണ് പ്രജ്ഞാനന്ദ വിജയത്തെതുടര്‍ന്ന് ആദ്യമായി നന്ദിയറിയിച്ചതും.

തമിഴ്‌നാട്ടിലെ ചെന്നൈ നഗരപ്രാന്തത്തില്‍ 2005 ഓഗസ്റ്റ്പത്തിനാണ് ജനനം. മാതാവ് നാഗലക്ഷ്മി വീട്ടമ്മയാണ്. കറുത്ത ശരീരത്തിലെ നെറ്റിയിലെ മൂന്ന് വെള്ള കുറികളാണ് പ്രജ്ഞാനന്ദയെ രൂപത്തില്‍ വ്യത്യസ്തനാക്കുന്നത്. സദാ ഏകഭാവം. അമിതാഹ്ലാദമോ വലിയ നിരാശയോ കാണാനില്ല. ആത്മവിശ്വാസത്തിന്റെ ചെറുപുഞ്ചിരി എപ്പോഴും മുഖത്ത് തിളങ്ങുന്നു. മാതാപിതാക്കളും മുതിര്‍ന്ന സഹോദരി വൈശാലിയും സദാസമയവും കൊച്ചു പ്രജ്ഞക്ക് കൂട്ടിനുണ്ട്. വൈശാലിയും ഗ്രാന്‍ഡ്മാസ്റ്ററാണ്. ലോകസഞ്ചാരത്തില്‍ കൂട്ടായി എപ്പോഴും മാതാവുമുണ്ടാകും. അഞ്ചാം വയസ്സിലാണ് പ്രജ്ഞാനന്ദ ചെസ് കളിച്ചുതുടങ്ങുന്നത്. ദിവസം 4-5 മണിക്കൂര്‍ ചതുരത്തിന് മുമ്പില്‍ ചെലവഴിക്കും. കാള്‍സനെ പരാജയപ്പെടുത്തിയെങ്കിലും കാള്‍സനും വിശ്വനാഥന്‍ ആനന്ദും തന്നെയാണ് പ്രജ്ഞയുടെ ആരാധനാപാത്രങ്ങള്‍. ചെന്നൈയിലെ തമിഴ്‌നാട് സ്റ്റേറ്റ് സഹകരണബാങ്കില്‍ ശാഖാമാനേജറാണ് പിതാവ് രമേശ്. ഏതായാലും സമൂഹമാധ്യമങ്ങളാണിപ്പോള്‍ പ്രജ്ഞാനന്ദയെ ശരിക്കും ആഘോഷിക്കുന്നത്. ബാലന്റെ കുറിയും ജാതിയും മതവുമെല്ലാം പതിവുപോലെ എഴുതുന്നവരുടെ ഹിതംപോലെ അതില്‍ കടന്നുവരുന്നു.

 

Test User: