വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റ ജയില്‍ ഉദ്യോഗസ്ഥനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലെ മുന്‍ പ്രിസണ്‍ ഓഫീസര്‍ അജുമോന്‍ (36) ആണ് അറസ്റ്റിലായത്. അച്ചടക്കനടപടികളുടെ ഭാഗമായി ഇയാള്‍ 3 മാസമായി സസ്‌പെന്‍ഷനിലാണ്. വിയ്യൂര്‍ ജയിലില്‍ സ്ഥിരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങളും പരിശോധനയില്‍ കണ്ടെത്താറുണ്ട്.
കോടതി അനുമതിയോടെ വിയ്യൂര്‍ പൊലീസ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. 100 രൂപ വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇയാള്‍.
പുകയില ഉത്പന്നങ്ങള്‍ തടവുകാര്‍ വാങ്ങുന്നതിനു മുന്‍പ് അവരുടെ വീട്ടുകാര്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചുവെന്ന് ഉറപ്പായാല്‍ തടവുകാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ അവര്‍ക്ക് എടുക്കാന്‍ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ അനധികൃതമായ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി പോലീസിന് ബോധ്യമായി.
ഇതേ ആരോപണം നേരിട്ടതിന്റെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ സബ് ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിവന്നത്. കാലടിയിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.