ബി.ജെ.പിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭ നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കി. ഫാ. ഷൈജുവിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയില്‍ ചേര്‍ന്ന നിലക്കല്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ യോഗത്തിലാണ് ഫാ. ഷൈജുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. സഭാനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി. പള്ളിവികാരി, സണ്‍ഡേസ്‌കൂള്‍, ഭദ്രാസനം സെക്രട്ടറി എന്നീ ചുമതലകളില്‍ നിന്നാണ് ഫാ. ഷൈജുവിനെ മാറ്റിയിരിക്കുന്നത്.
സഭ അദ്ധ്യക്ഷന്റെ നിര്‍ദേശാനുസരണം ഫാ. ഷൈജുവിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും 2 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വരുന്നത് വരെ ഫാ. ഷൈജു കുര്യനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായുള്ള സഭയുടെ അറിയിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നിലക്കല്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഫാ. ഷൈജുവിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ഫാ. ഷൈജുവിനെതിരെ സഭ അദ്ധ്യക്ഷന് വിവിധ പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സഭ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്.
എന്നാല്‍ തന്റെ നിര്‍ദേശാനുസരണം അവധി അനുവദിക്കുക മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് ഫാ. ഷൈജുവിന്റെ വിശദീകരണം. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് അറിഞ്ഞിരുന്നു എന്നും ഈ സാഹചര്യത്തില്‍ താന്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് തത്കാലത്തേക്ക് മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചതെന്നും ഫാ.ഷൈജു പറഞ്ഞു.
ഡിസംബര്‍ 31നാണ് ഓര്‍ത്തഡോക്സ് സഭ നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ കേന്ദ്ര മന്ത്രി വി മുരളീധരനില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പിന്നാലെ അദ്ദേഹത്തിനെതിരെ സഭ വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും സ്ത്രീപീഡനമുള്‍പ്പടെയുള്ള പരാതികളും ഉയര്‍ന്നിരുന്നു.