X

പാര്‍ട്ടി പെറ്റി ബൂര്‍ഷ്വകള്‍ക്ക് ഒരു നയരേഖ- എഡിറ്റോറിയല്‍

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള വികസന നയരേഖയും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കവും കേരളത്തിലെ കമ്യൂണിസ്റ്റ് സഖാക്കള്‍ രണ്ടാവര്‍ത്തിയെങ്കിലും ശ്രദ്ധയോടെ വായിക്കണമെന്ന് അപേക്ഷിക്കുന്നു. സ്വകാര്യ, വിദേശ മൂലധന നിക്ഷേപമെന്ന് കേട്ടാല്‍ കൊടുവാളെടുത്തിരുന്ന പാര്‍ട്ടിക്കിപ്പോള്‍ അതില്ലാതെ ജീവിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ട്രേഡ് യൂണിയന്‍ സമീപനത്തിലും പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് നയരേഖയില്‍ പറയുന്നു. വികസനത്തെയും സ്വകാര്യവത്കരണത്തെയുമെല്ലാം കണ്ണടച്ച് എതിര്‍ക്കുന്നത് ഉപേക്ഷിച്ച് അല്‍പമൊക്കെ കണ്ണു തുറന്നു നടക്കണമെന്നും അത് പാര്‍ട്ടിക്കാരെ ഉപദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ വലതുപക്ഷക്കാരേക്കാള്‍ ഇടതുപക്ഷക്കാര്‍ക്കാണ് നയരേഖയില്‍ ഏറെ വായിക്കാനും ചിന്തിക്കാനുമുള്ളത്. നാളിതുവരെ തങ്ങള്‍ വിശ്വസിക്കുകയും ചോര നീരാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചില ആത്മപരിശോധനകള്‍ക്ക് അത് അവരെ നിര്‍ബന്ധിക്കുമെന്നും തീര്‍ച്ച.

മാര്‍ക്‌സിസം കാലഹരണപ്പെട്ടുവോ എന്ന സംശയത്തിന് കാലപ്പഴക്കം ഏറെയുണ്ട്. അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും സജീവമായി നില്‍ക്കുമ്പോഴും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ അത്തരം ചോദ്യങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ചൈനയടക്കമുള്ള പല രാജ്യങ്ങളും കമ്യൂണിസ്റ്റ് ലൈനില്‍നിന്ന് മാറി സ്വന്തമായി വഴി വെട്ടി നടക്കാന്‍ തുടങ്ങിയത് കേരളത്തിലെ സഖാക്കള്‍ അറിയരുതെന്ന് നേതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. വാട്‌സ്ആപ്പും ഫേസ്ബുക്കും തലയ്ക്കു വെച്ചുറങ്ങുന്ന അവരെ ഇക്കാലത്ത് പറ്റിക്കാന്‍ കഴിയില്ലല്ലോ. കുറച്ചുമുമ്പ് വികസനമെന്ന വാക്കിനോട് തന്നെ കമ്യൂണിസ്റ്റുകള്‍ക്ക് അറപ്പായിരുന്നു. തൊഴില്‍ മേഖലകളും തൊഴിലാളികളും കരിയും നുഖവും തോളിലേറ്റി നടക്കണമെന്നും ഒറ്റ തോര്‍ത്ത് ഉടുത്ത് ചേറില്‍ കളിക്കണമെന്നുമൊക്കെ ശഠിച്ചിരുന്ന ഒരു പാര്‍ട്ടിക്കാണിപ്പോള്‍ വൈകിയാണെങ്കിലും ബോധോദയമുണ്ടായത് എങ്ങനെയെന്ന് അറിയാന്‍ നാട്ടുകാര്‍ക്ക് കൗതുകമുണ്ട്. ചിന്താപരമായി എക്കാലവും പത്തോ ഇരുപതോ വര്‍ഷം പിറകോട്ട് നടക്കുന്ന കമ്യൂണിസ്റ്റുകളുടെ ചിന്തപരമായ ഈ വ്യതിയാനം സദുദ്ദേശ്യത്തോടെയാണെന്ന് ആരും കരുതുന്നില്ല. കഞ്ഞി കുടിക്കാന്‍ വകയുള്ളവരെ മുഴുവന്‍ പെറ്റി ബൂര്‍ഷ്വയെന്നും പിന്തിരിപ്പന്‍ മൂരാച്ചിയെന്നുമൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്ന പാര്‍ട്ടിക്ക് ഭരണം കയ്യിലുള്ള ഇക്കാലത്ത് പ്രത്യേകിച്ചും വിദേശ വായ്പയും നിക്ഷേപവുമൊക്കെ സ്വാദിഷ്ടമായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സഖാക്കള്‍ക്കുപോലും ഇപ്പോള്‍ അറിയാം. പണ്ടത്തേതുപോലെ ബീഡി തെരപ്പുമായി നടന്നിരുന്ന സഖാക്കളല്ല ഇപ്പോഴുള്ളത്. സി.പി.എം സംസ്ഥാന സമിതി തന്നെ പെറ്റി ബൂര്‍ഷ്വകളുടെ കൂട്ടായ്മയാണെങ്കില്‍ അവര്‍ക്കിണങ്ങിയ നയങ്ങളും പാര്‍ട്ടിക്ക് ആവശ്യമാണ്. വന്‍കിട ബിസിനസും നിക്ഷേപങ്ങളുമായി പണത്തെ മാത്രം ധ്യാനിച്ച് ജീവിക്കുന്ന നേതാക്കള്‍ക്ക് പണം വാരണമെങ്കില്‍ പാര്‍ട്ടിയുടെ മുതുകില്‍നിന്ന് പ്രത്യയശാസ്ത്ര ഭാരങ്ങള്‍ ഇറക്കിവെക്കണം. അതിന് നയരേഖയുണ്ടാക്കി പാസാക്കിയെടുക്കാന്‍ പറ്റിയ അവസരവും വേദിയും സംസ്ഥാന സമ്മേളനമല്ലാതെ മറ്റേതാണ്?

ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് എഴുതിയുണ്ടാക്കിയ നയരേഖയില്‍ സ്വകാര്യവത്കരണത്തെ അംഗീകരിക്കാനാവില്ലെന്ന് പറയുന്നുണ്ട്. അതിനൊരു തിരുത്തുണ്ടായില്ലെങ്കില്‍ ബിസിനസ് നടക്കില്ലെന്ന് നേതാക്കള്‍ക്ക് അറിയാം. കേരളത്തില്‍ മാത്രമായി സി. പി.എം ചുരുങ്ങിയ സ്ഥിതിക്ക് സംസ്ഥാന ഘടകം കണ്ണുരുട്ടിയാല്‍ ഏത് പാര്‍ട്ടി കോണ്‍ഗ്രസും പത്തിമടക്കും. 1956ല്‍ തന്നെ സ്വകാര്യ മൂലധനം ആവാമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും പറഞ്ഞിട്ടും ചില പിന്തിരിപ്പന്‍മാര്‍ അംഗീകരിക്കാത്തതുകൊണ്ട് മൂലയ്ക്ക് കിടന്ന മഹത്തായ തീരുമാനം കേരളത്തിലെങ്കിലും ഫലപ്രദമായി നടപ്പാക്കണമെന്ന് സ്വപ്‌നം കണ്ട് നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. സ്വകാര്യ മൂലധനങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കയ്ക്കുമെന്നൊക്കെ ചിലര്‍ പറഞ്ഞുപരത്തുന്ന ‘തെറ്റിദ്ധാരണ’യാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഏറെ പ്രയാസപ്പെട്ടാണെങ്കിലും കമ്യൂണിസ്റ്റ് വേദ പുസ്തകത്തില്‍ അദ്ദേഹം അതിന് തെളിവും കണ്ടെത്തിയിരിക്കുന്നു. സോവിയറ്റ് യൂണിയന്‍ രൂപംകൊണ്ട കാലത്ത് ലെനിന്‍ വിദേശമൂലധനം ക്ഷണിച്ചിരുന്നുവത്രെ! സാധാരണക്കാരായ പാര്‍ട്ടി സഖാക്കളുടെ സംശയത്തിന്റെ ഓട്ടയടക്കാന്‍ അതൊക്കെ മതിയെന്ന് അദ്ദേഹം ആശ്വസിക്കുന്നുണ്ടാകും.

അടിസ്ഥാന വര്‍ഗത്തെ ന്യായീകരണങ്ങളില്‍ ഉറക്കിക്കിടത്തി പണക്കാരോടൊപ്പമുള്ള ഒളിസേവ അടുത്ത കാലത്താണ് മാര്‍ക്‌സിസ്റ്റുകാര്‍ തുടങ്ങിയത്. സഖാക്കള്‍ നാടു തെണ്ടിയുണ്ടാക്കുന്ന തകരപ്പാത്രത്തിലെ ചില്ലിക്കാശുകൊണ്ട് മാത്രം ജീവിക്കാന്‍ സാധിക്കാത്തവിധം ദുര്‍മേദസ്സുള്ള പാര്‍ട്ടിയായി സി.പി.എം വളര്‍ന്നിട്ടുണ്ട്. സ്വകാര്യ കുത്തക മുതലാളിമാരെ സുഖിപ്പിച്ചേ പാര്‍ട്ടിയെ മേയ്ച്ച് നടത്താനും നേതാക്കളുടെ ബിസിനസ് കൊഴുപ്പിക്കാനും സാധിക്കൂ എന്നതുകൊണ്ട് നയവ്യതിയാനം അനിവാര്യമാണെന്ന് പിണറായിക്ക് അറിയാം. കംപ്യൂട്ടറുകള്‍ക്കെതിരെ സമരം ചെയ്തതൊക്കെ പഴയ കാലം. അതേ മനോഘടനയുമായി ഇപ്പോള്‍ പാര്‍ട്ടിക്കാരും യൂണിയനുകളും നടന്നാല്‍ കച്ചവടം പൂട്ടിപോകേണ്ടിവരും. അതുകൊണ്ട് അനാവശ്യ സമരകോലാഹലങ്ങളുമായി നടക്കാതെ സഖാക്കളെ അടക്കിയിരുത്താന്‍ കൂടിയാണ് പുതിയ വികസനരേഖയിലൂടെ പിണറായി ഉന്നംവെക്കുന്നത്.

അടിസ്ഥാന വര്‍ഗത്തെ എന്നോ കൈവിട്ട പാര്‍ട്ടിയാണ് സി.പി.എം. അതൊന്നും അറിയാതെ അതിന്റെ ഉമ്മറത്ത് വായും പൊളിച്ചുനില്‍ക്കുന്നവരുണ്ട്. സാധാരണക്കാരന്റെ കിടപ്പാടം പിടിച്ചെടുത്ത് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വെട്ടുന്ന സില്‍വര്‍ലൈന്‍ പാവപ്പെട്ടവര്‍ക്കുള്ളതല്ലെന്ന് ചിന്തിക്കാനുള്ള ബുദ്ധി ഇനിയും സഖാക്കള്‍ക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് പിണറായി ഇപ്പോഴും അത്ഭുതപ്പെടുന്നുണ്ട്. പഴയതില്‍നിന്ന് വ്യത്യസ്തമായി തൊഴിലാളി വര്‍ഗത്തേക്കാള്‍ മുതലാളിമാരോടാണ് സി.പി.എമ്മിന് താല്‍പര്യമെന്ന് പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സമ്മേളനത്തിലെ നവകേരള വികസന നയരേഖ ധാരാളം മതി.

Test User: