ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മലയാള കവിതാ ചരിത്രത്തിലെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ എഴുത്തച്ഛന്‍, പൂന്താനം, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരെ പോലെയുള്ള കവികള്‍ ഹിന്ദു സംസ്‌കൃതിയിലെ പുരാണങ്ങളിലും കഥകളിലും അതിഷ്ഠിതമായ കവിതകളായിരുന്നു രചിച്ചിരുന്നത്. പുത്തന്‍കാവ് മാത്തന്‍ തരകന്‍, സിസ്റ്റര്‍ മേരി ബനീഞ്ജ തുടങ്ങിയവര്‍ ക്രിസ്തീയ സംസ്‌കൃതിയെ ആവിഷ്‌കരിച്ചപ്പോള്‍ പ്രഥമമായി ഇസ്‌ലാമിക സംസ്‌കൃതിയെ മലയാളത്തില്‍ പരിചയപ്പെടുത്തിയ കവി ടി ഉബൈദ് ആയിരുന്നു.
കാസര്‍കോട് തളങ്കരയില്‍ 1908ല്‍ ജനിച്ച ഉബൈദ് ഐക്യ കേരള പ്രസ്ഥാനത്തിന്റെ ഊര്‍ജ്വസ്വലനായ നേതാവ്, മാപ്പിളപ്പാട്ടിനെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് മലയാള കവിതക്ക് പുതിയ ഈണങ്ങള്‍ സമ്മാനിച്ച കവി, സാഹിത്യകാരന്‍, വിവര്‍ത്തകന്‍, അധ്യാപകന്‍, വിദ്യാഭാസ പ്രവര്‍ത്തകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, രാഷ്ട്രീയ നേതാവ്, അനുഗ്രഹീതമായ ആലാപന വൈഭവത്തിനുടമ, ആരെയും വശീകരിക്കുന്ന പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഖുര്‍ആന്‍ അധ്യാപകന്‍, സ്വാതന്ത്ര സമര സേനാനി ഇങ്ങിനെ ഒരു പ്രതിഭാധനന് ചാര്‍ത്താവുന്ന എല്ലാ വിശേഷണങ്ങുടെയും ഉടമയും വ്യത്യസ്ത മേഖലകളില്‍ മുദ്ര പതിപ്പിച്ച വ്യക്തിത്വവുമമയിരുന്നു. 64 വര്‍ഷത്തെ ജീവിതത്തെ ധന്യവും പുഷ്‌കലവുമാക്കിയ അദ്ദേഹം 1972ല്‍ മരണപ്പെട്ടു.
1947ലെ കോഴിക്കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഉബൈദ് നടത്തിയ പ്രഭാഷണം ചരിത്രത്തില്‍ ഇടംനേടി. എന്‍.വി കൃഷ്ണവാരിയരും പി. നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഭാഷണം. മാപ്പിളപ്പാട്ട് ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു അത്. അപൂര്‍വമായ മാപ്പിളപ്പാട്ടു വരികള്‍ ഉബൈദ് പാടിയപ്പോള്‍ സദസ് അത്ഭുത പരതന്ത്രരായി. മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത് അതിന് ശേഷമാണ്. ഉബൈദിന്റെ പ്രഭാഷണം ശ്രവിച്ച മഹാകവി ജി ശങ്കരക്കുറുപ്പ് പറഞ്ഞതിങ്ങനെ: ‘മാപ്പിളപ്പാട്ടുകളെ ഒഴിവാക്കിയുള്ള ഭാഷാസാഹിത്യ ചരിത്രം അപൂര്‍ണമായിരിക്കും’. മംഗളോദയം മാസികയിലെഴുതിയ അവലോകനത്തില്‍ ജോസഫ് മുണ്ടശ്ശേരിയും ഇതേ നിരീക്ഷണം നടത്തി. മാപ്പിളപ്പാട്ടിന് കേരളീയ മുഖ്യധാരയില്‍ പ്രാധാന്യം കൈവന്നതും വേരോട്ടം ലഭിച്ചതും അന്ന് മുതലാണ്. മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ അനേകം കവിതകള്‍ ഉബൈദ് രചിച്ചു. പര്‍ദക്കുള്ളില്‍ ഒളിപ്പിക്കപ്പെട്ട സൗന്ദര്യമായിക്കിടന്നിരുന്ന മാപ്പിളപ്പാട്ടിനെ മലയാള സാഹിത്യരംഗത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചു എന്നതാണ് മഹാകവി ടി. ഉബൈദിന്റെ പ്രസക്തിയെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഇബ്രാഹിം ബേവിഞ്ച വിലയിരുത്തുന്നു. ‘ദുനിയാവിതെന്തു പുതുമപ്പറമ്പാണ്’ ‘ആലം ഉടയോനെ’ എന്ന് തുടങ്ങുന്ന ‘ദുനിയാവിന്റെ മറിമായം’ മുസ്‌ലിം സമുദായത്തിലെ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്ന ‘തീ പിടിച്ച പള്ളി’ മനുഷ്യന്റെ ഇന്നോളമുള്ള നേട്ടങ്ങളെ ഉദ്‌ഘോഷിക്കുന്ന ‘മിടുക്കന്‍ ആദം പുത്രന്‍’ എന്നീ കവിതകള്‍ ഉബൈദിന്റെ അതുല്യ രചനകളില്‍ ചിലതാണ്.
അനശ്വര തേജസുള്ള 29 കൃതികളാണ് ഉബൈദ് മലയാളം, കന്നട സംസ്‌കൃതികള്‍ക്കായി സംഭാവന ചെയ്തത്. കവിതാസമാഹാരങ്ങള്‍, പരിഭാഷ, ബാലസാഹിത്യം, മാപ്പിളപ്പാട്ടുകള്‍, ജീവചരിത്രം, പ്രബന്ധസമാഹാരങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ രചനാപ്രപഞ്ചംബൃഹത്താണ്. നവരത്‌ന മാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, ചന്ദ്രക്കല, ഗാനവീചി, തിരുമുല്‍ക്കാഴ്ച, ഹസ്രത്ത് മാലിക്ദീനാര്‍, ഖാസി മര്‍ഹൂം അബ്ദുല്ല ഹാജി, മുഹമ്മദ് ശെറൂല്‍ സാഹിബ് തുടങ്ങിയ കൃതികള്‍ ഉബൈദിലെ സാഹിത്യ പ്രതിഭയെ ഇതള്‍ വിടര്‍ത്തിക്കാട്ടുന്നു. പാരമ്പര്യവും വ്യക്തി പ്രതിഭയും ഒത്തിണങ്ങിയ ഉബൈദ് ഹിന്ദു-ഇസ്‌ലാം മതങ്ങളെയും കന്നട മലയാളം സാംസ്‌കാരിക ധാരകളെയും സമന്വയിപ്പിച്ചു. ആധുനിക കേരളത്തിന്റെ മതേതര സംസ്‌കാരത്തിന് കാസര്‍കോടിന്റെ സംഭാവനയായിരുന്നു ടി. ഉബൈദെങ്കിലും മതാത്മകതയുടെ ഉദാത്തമായ അന്തര്‍ധാര അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചത്തില്‍ ഉടനീളം ദര്‍ശിക്കാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം വിശുദ്ധമായ മാനവികതയുടെ കവിയായിത്തീര്‍ന്നത്.
കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് ശെറൂല്‍ സാഹിബുമായി അടുപ്പമുണ്ടായിരുന്ന ഉബൈദ് ആദ്യകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സീതി സാഹിബിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. മാഹിന്‍ ശംനാടിനൊപ്പം മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുസ്‌ലിംലീഗിന് വേണ്ടി തന്റെ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചു. മഹാകവി പി. കുഞ്ഞിരാമന്‍ നായരും ഉബൈദും ആത്മസുഹൃത്തുക്കളായിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്റെ വക്താവായ ഉബൈദ് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് പ്രദേശത്തെ കേരളത്തിലേക്ക് ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തിന്റെ സാഹിത്യ സൗന്ദര്യം കന്നഡ ഭാഷയിലേക്കും അവരുടേത് മലയാളത്തിലേക്കും കൈമാറ്റം ചെയ്തു. ടി. ഉബൈദിന്റെ കവിതകള്‍ 2015ല്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തി. നാലാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ വിടതടിയമ്മേ, കന്നടധാത്രി കേരള ജനനി വിളിക്കുന്നു’ എന്നു തുടങ്ങുന്ന ‘വിടവാങ്ങല്‍’ എന്ന കവിതയും തുഞ്ചത്ത് എഴുത്തച്ഛനെയും കുഞ്ചന്‍ നമ്പ്യാരെയും പറ്റി ഓര്‍ക്കുന്ന എന്തിനീ താമസിപ്പൂതംബികേ എന്നു തുടങ്ങുന്ന ‘കവിതയോട്’ എന്ന കവിതയിലെ വരികളാണ് എട്ടാം ക്ലാസിലെ പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തിയത്. വിയോഗത്തിന്റെ 50 വര്‍ഷം പിന്നിടുന്ന വേളയില്‍ സ്മരണ നിലനിര്‍ത്താനും ഉബൈദിന്റെ സംഭാവനകള്‍ കൂടുതല്‍ ജനകീയമാക്കാനും ഈ വര്‍ഷം കാസര്‍കോട് ഉബൈദ് പഠന കേന്ദ്രം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.