അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പേൾ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ പ്രിയക്കാണ് നായയുടെ കടിയേറ്റത്. വൈകിട്ട് 5 മണിയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകളാണ് ക്യഷ്ണപ്രിയ.
അതേസമയം, കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നൊടുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
അക്രമണകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ജൂണ്‍ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാന്‍ സാധ്യത ഇല്ലെന്നും മനസിലാക്കി തെരുവ് നായകള്‍ക്കെതിരെ വ്യാപക അക്രമം കേരളത്തില്‍ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു.