ഡോ. രാംപുനിയാനി
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം ശരിക്കും അത്ഭുതകരമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതങ്ങളും ഭാഷാ വംശീയ വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്നു. ഭക്തിസൂഫി സന്യാസിമാരും സ്വാതന്ത്ര്യസമരവും വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യബോധം കൂടുതല്‍ ശക്തിപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ അനുവര്‍ത്തിച്ചുപോന്ന ഈ മഹത്തായ സംസ്‌കാരത്തെയും ഇതര സമുദായങ്ങളുമായുള്ള പരസ്പര ബന്ധങ്ങളെയും തകര്‍ക്കാനുള്ള വ്യവസ്ഥാപിതവും തുടര്‍ച്ചയായതുമായ പരിശ്രമങ്ങള്‍ അരങ്ങേറുന്നുണ്ട്.
ഇയ്യിടെ, മഥുരയിലെ ‘ശ്രീനാഥ് ദോസ’ എന്ന പേരുള്ള കട ഒരു മതമൗലികവാദ സംഘടനയിലെ അംഗങ്ങള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. കടയുടെ ഉടമ ഇര്‍ഫാനെ അവര്‍ ഭീഷണിപ്പെടുത്തി. മുസ്‌ലിമായ ഇര്‍ഫാന്‍ തന്റെ ഹോട്ടലിന് ഹിന്ദു പേര് നല്‍കിയതാണ് സംഘത്തെ പ്രകോപിതരാക്കിയത്. കട സ്ഥിതി ചെയ്യുന്ന വികാസ് മാര്‍ക്കറ്റില്‍ ബിസിനസ്സ് ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇര്‍ഫാനോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. അതിലും ഭീകരവും ഭയാനകവുമായ സംഭവങ്ങളാണ് മുസ്‌ലിംകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ സിക്കറില്‍ 52 കാരനായ റിക്ഷാഡ്രൈവര്‍ക്ക് മര്‍ദനമേറ്റതും ഈയടുത്താണ്. ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം. എത്രയും വേഗം ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോകാനും ഫാസിസ്റ്റ് ശക്തികള്‍ അയാളോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍, വളകള്‍ വില്‍ക്കുന്ന തസ്‌ലീം അലി എന്ന വള വില്‍പ്പനക്കാരനെ തല്ലിയൊടിച്ചു. ഹിന്ദു ആധിപത്യമുള്ള പ്രദേശത്ത് വള വിറ്റതിനായിരുന്നു ഈ അക്രമം. മറ്റൊരു സംഭവത്തില്‍, ഒരു ഇ-റിക്ഷ ഡ്രൈവറെ തന്റെ ഇളയ മകളുടെ മുന്നിലിട്ട് ദയയില്ലാതെ മര്‍ദ്ദിച്ചു, ഈ സമയം, ആ പെണ്‍കുട്ടി അക്രമികളുടെ കാലുപിടിച്ച് കരഞ്ഞ് ദയ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അജ്മീറില്‍ തന്റെ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം ഭിക്ഷ യാചിച്ച ഒരു മുസ്‌ലിമിനെ ആക്രമിക്കുകയും പാകിസ്താനില്‍ പോയി ഭിക്ഷ യാചിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതെല്ലാം ഫാസിസ്റ്റുകള്‍ അവരുടെ ധീരതയുടെ അടയാളമായാണ് കണക്കാക്കുന്നത്. അത്തരം സംഭവങ്ങളുടെ വീഡിയോകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും കാരണം ഇതാണ്. വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ വെളിച്ചത്ത് വന്നവയാണ്. വാസ്തവത്തില്‍ പുറംലോകമറിയാത്ത ഇത്തരം സംഭവങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സാമ്പത്തികമായും സാമൂഹികമായും ദുര്‍ബലരായ മുസ്‌ലിംകള്‍ക്കെതിരായ ഇത്തരം ലജ്ജാകരമായ ആക്രമണങ്ങള്‍ സാധാരണമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് കാര്യം. ഈ സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നു. വിദ്വേഷം പടര്‍ത്തുന്ന യന്ത്രങ്ങള്‍ രാവും പകലും വിഷം പുറന്തള്ളുന്നു, ഇത് നൂറ്റാണ്ടുകള്‍കൊണ്ട് വികസിച്ച ഇതര സമൂഹ ബന്ധങ്ങള്‍ക്ക് മാരകമായ നാശമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രചരിച്ച വര്‍ഗീയ ആഖ്യാനത്തിന്റെ ഫലമാണ് ഇത്തരം അക്രമങ്ങള്‍. ഈ ആഖ്യാനങ്ങളാകട്ടെ പരസ്പരം കെട്ടിച്ചമച്ചെടുത്തതുമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഹിന്ദു വര്‍ഗീയത വളരെ ആക്രമണാത്മകവും മൂര്‍ച്ചയുള്ളതുമായി മാറിയിട്ടുണ്ട്. മുസ്‌ലിംകളെക്കുറിച്ച് കെട്ടുകഥകള്‍ പ്രചരിപ്പിക്കപ്പെടുന്നു. മുസ്‌ലിംകള്‍ വിദേശികളാണെന്നും മുസ്‌ലിം ഭരണാധികാരികള്‍ ക്രൂരതയുടെയും ഹൃദയശൂന്യതയുടെയും പര്യായങ്ങളാണെന്ന വാദവും ഇതില്‍ ഉള്‍പ്പെടുന്നു. ചില മുസ്‌ലിം ഭരണാധികാരികള്‍ നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ക്രൂരമായ ചൂഷണങ്ങള്‍ അതിശയോക്തിപരമാണ്. ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ പൂര്‍ണമായും മുന്‍വിധികളായിമാറുകയും ഭരണകക്ഷിയെയും സര്‍ക്കാരിനെയും അതിന്റെ സങ്കുചിത വര്‍ഗീയ അജണ്ട മുന്നോട്ട്‌കൊണ്ടുപോകാന്‍ എല്ലാ വിധത്തിലും സഹായിക്കുകയും ചെയ്യുന്നു.
അത്തരം പ്രവണതകളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയും. ഏതാനും പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പുറത്തിറങ്ങിയ ‘മുഗലേ ആസാം’ എന്ന ചിത്രത്തിനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ജോധ അക്ബര്‍’ എന്ന ചിത്രത്തിനും എതിരായ പൊതുജനങ്ങളുടെ പ്രതികരണമാണ് ഈ നിരന്തരമായ പ്രചാരണം സാധാരണക്കാരുടെ ചിന്തയില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ഒരു ഉദാഹരണം. ഇന്ത്യയില്‍ കൊറോണ പടരുന്നതിന് തബ്‌ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തിയ നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ എത്രത്തോളം പോകാന്‍ കഴിയും എന്നതിന്റെ തെളിവാണ്. മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ കണ്ണടച്ച് ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം നിറയ്ക്കുന്നതുപോലെയാണ് അത്.
വിദ്വേഷം പരത്തുന്നതിന് മധ്യകാല ചരിത്രത്തെയായിരുന്നു മുമ്പ് വര്‍ഗീയ ശക്തികള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയ ഹിന്ദു സംഘടനകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ല എന്നത് മറ്റൊരു വിഷയമാണ്. വര്‍ഗീയ ശക്തികളുടെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിഭജിച്ചത്. എന്നാല്‍ ഇപ്പോള്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിനെയും മുസ്‌ലിംകളെ പ്രീണിപ്പിക്കാനും രാജ്യത്തിന്റെ വിഭജനത്തിനും കൂട്ടുനിന്നെന്നു കുറ്റപ്പെടുത്തുകയാണ് അവര്‍. വിദ്വേഷത്തിന്റെ കോട്ട കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ഓഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിഭജന സമയത്തും അതിനുശേഷവും ഉണ്ടായ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ത്യാഗം നാം ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ എന്താണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ രക്തച്ചൊരിച്ചിലും ഹിന്ദു അഭയാര്‍ഥികളുടെ ദുരിതങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ട് വിവിധ ബി.ജെ.പി വക്താക്കള്‍ പത്രങ്ങളിലും മാസികകളിലും ലേഖനങ്ങള്‍ എഴുതുന്നു. എന്റെ കുടുംബവും വിഭജന ദുരന്തത്തിന്റെ ഇരയായിരുന്നു. പക്ഷേ, മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കളെ കൂട്ടക്കൊല നടത്താനുള്ള അവസരമായി വിഭജനം അവതരിപ്പിക്കാനാണ് ഇവിടെ ശ്രമം. യാഥാര്‍ത്ഥ്യം അതിനേക്കാള്‍ വളരെ സങ്കീര്‍ണമാണ്. വിഭജനത്തില്‍ ഹിന്ദുക്കളും സിഖുകാരും മാത്രമല്ല ദുരിതം അനുഭവിച്ചത്. മുസ്‌ലിംകള്‍ക്കും കനത്തതോതില്‍ ജീവനും സ്വത്തും നഷ്ടമുണ്ടായി. ഈ ദുരന്തത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ രക്തക്കറ പുരണ്ടിരുന്നു. കലാപത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ സ്വത്തും ഉപജീവന മാര്‍ഗവും നഷ്ടപ്പെടുകയോ ചെയ്തവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍പ്പെടുന്നു.
ഈ വസ്തുത വിശദീകരിച്ച് കരണ്‍ ഥാപ്പര്‍ ഏഷ്യന്‍ ഏജ് ദിനപത്രത്തിന് ഒരു ലേഖനം എഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല. സത്യ ഹിന്ദി ചാനലിലെ നീലുവ്യാസിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ഥാപ്പര്‍ തന്റെ ലേഖനത്തില്‍ ജമ്മുവിലെ മുസ്‌ലിം കൂട്ടക്കൊല ഹൈലൈറ്റ് ചെയ്തിട്ടുണ്ടെന്നും അത് ഹിന്ദുക്കളോടുള്ള അക്രമത്തേക്കാള്‍ ഭീകരമല്ലെന്നും വ്യക്തമാക്കിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുകയെന്ന അജണ്ടയുള്ളവര്‍, മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വിഭജന സ്മാരക ദിനം സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ലഭ്യമായ പാഠപുസ്തകങ്ങളിലും മറ്റ് സാഹിത്യങ്ങളിലും വിഭജനകാലത്തെ ജമ്മുവിലെ കൂട്ടക്കൊലയെക്കുറിച്ച് പരാമര്‍ശമില്ല. ഈ കൂട്ടക്കൊലയ്ക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു, കൂട്ടക്കൊല നടത്തുന്നതില്‍ ഒരു വര്‍ഗീയ സംഘടന പ്രധാന പങ്ക് വഹിച്ചിരുന്നു. ബി.ജെ.പി വക്താക്കളും നേതാക്കളും ഇപ്പോള്‍ പറയുന്നത് കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീണിപ്പിച്ചത് രാജ്യത്തിന്റെ വിഭജനത്തിന് കാരണമായി എന്നാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ തങ്ങളുടെ നായകനെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ പ്രചാരണം നടത്തുന്ന സര്‍ദാര്‍ പട്ടേല്‍ അക്കാലത്ത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു എന്നത് അവര്‍ മറക്കുന്നു. മുസ്‌ലിം പ്രീണനത്തെ സംബന്ധിച്ചിടത്തോളം, 19 ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ വര്‍ഗീയ സംഘടനകള്‍ ഇതുതന്നെയാണ് പാടി നടക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗത്വം നല്‍കുന്നത് അവരുടെ പ്രീണനമാണെന്ന് പോലും ഈ ആളുകള്‍ പറഞ്ഞു. അന്നുമുതല്‍, കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ഈ ആളുകള്‍ തുടര്‍ച്ചയായി അവകാശപ്പെടുന്നു. സങ്കുചിതവും വിനാശകരവുമായ ചിന്തയേക്കാള്‍ നാമിപ്പോള്‍ ഉയരേണ്ടതുണ്ട്. നാം ചെയ്യേണ്ടത് കാലങ്ങളായി തുടര്‍ന്നുപോരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ മഹത്തായ സ്വഭാവം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും നശീകരണ സ്വഭാവം നിയന്ത്രിക്കേണ്ടതുണ്ട്.