X

നാടിനെ നെടുകെ പിളര്‍ത്തുന്ന പദ്ധതി

കെ.എ മുരളീധരന്‍ തൃശൂര്‍

നാടിന്റെ വികസനത്തിന് വലിയ ആക്കം കൂട്ടുമെന്ന് പറഞ്ഞ് കൊണ്ടുവരുന്ന കെ. റെയില്‍പദ്ധതി യഥാര്‍ഥത്തില്‍ നാടിനെ നെടുകെ പിളര്‍ത്തുന്ന പദ്ധതിയാണ്. പദ്ധതി നിലവില്‍ വരികയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെടുന്ന ജില്ലയായി തൃശൂര്‍ മാറും. രണ്ട് പ്രളയങ്ങളും തുടര്‍ച്ചയായുള്ള മഴയും ജില്ലയിലെ പാരിസ്ഥിതിക സംതുലനാവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. 2018ലെ വെളളപൊക്കത്തില്‍ ചാലക്കുടി പുഴയെല്ലാം കവിഞ്ഞ് ടൗണ്‍മുങ്ങിയ നിലയിലായിരുന്നു. കെ.റെയില്‍ പദ്ധതി വരുന്നതോടെ ജില്ലയിലെ സ്വാഭാവിക നീരൊഴുക്കിനെ അത് വലിയ തോതില്‍ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

നാല് താലൂക്കുകളില്‍പ്പെട്ട 36 വില്ലേജുകളിലൂടെയാണ് ജില്ലയില്‍ കെ.റെയില്‍പാത കടന്നുപോകുന്നത്. അന്നമനട പഞ്ചായത്തിലൂടെ കടന്ന് ചാലക്കുടിയിലൂടെ മുന്നേറി കുന്നംകുളം മണ്ഡലത്തിലെ കാട്ടകാമ്പാല്‍ വഴി പോകുന്ന കെ.റെയില്‍പാതക്കായി 1500 വീടുകള്‍ നേരിട്ട് നഷ്ടമാകും. ഭാഗികമായും ധാരാളം വീടുകള്‍ വേറെയും പോകും. കൂടാതെ തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍, പറമ്പുകള്‍, റോഡുകള്‍, ഇട റോഡുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെയും പദ്ധതി ബാധിക്കും. സംസ്ഥാനത്ത് 546 കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന കെ.റെയില്‍പാതയില്‍ 292 കിലോമീറ്റര്‍ സമതലത്തിലൂടെയാണ്. ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ കയറാത്ത വിധം എം പാനല്‍ മതില്‍ വരുന്നതോടെ നാടിനെ രണ്ടായി പകുത്ത നിലയാകും ഉണ്ടാകാന്‍ പോകുന്നത്.

കൂര്‍ക്കഞ്ചേരി സോമില്‍ റോഡിനപ്പുറത്ത് റെയില്‍വെ ട്രാക്കിന് സമീപം താമസിക്കുന്ന റിഷിയുടെ വീട്ടുപറമ്പില്‍ രഹസ്യമായി രാത്രിയെത്തിയാണ് കെ.റെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി കോണ്‍ക്രീറ്റ് കാല്‍ സ്ഥാപിച്ചുപോയത്. രാവിലെ എഴുന്നേറ്റ് പറമ്പില്‍ കോണ്‍ക്രീറ്റ് കാല്‍ കണ്ട് അന്വേഷിച്ചപ്പോഴാണ് കെ. റെയില്‍ പദ്ധതിയുടെ സര്‍വേയ കുറ്റിയാണെന്ന് മനസിലായത്. പദ്ധതി വരുന്നതോടെ റിഷിയുടെ ഭൂമിയും ഇരുനില വീടും നഷ്ടമാകും. കെ. റെയില്‍വെ കടന്നുപോകുന്ന ജില്ലയിലെ ഭൂരിഭാഗം പേരുടെയും സ്ഥിതിയാണിത്. വേണ്ടത്ര ആലോചനയോ ആസൂത്രണമോ നടത്താതെ ആരുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം ധൃതിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ തിടുക്കം എല്ലാ കാര്യങ്ങളിലും കാണാന്‍ കഴിയും.

പദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭൂമിയുടെ സര്‍വേ നമ്പറില്‍പ്പെട്ട ഇതില്‍ പെടാത്ത ഭൂമിയുടമസ്ഥര്‍ക്കുപോലും ഭൂമി ക്രയവിക്രയം ചെയ്യാനോ കഴിയുന്നില്ല. പദ്ധതിക്കായുള്ള ഭൂമി വേണ്ട, അതില്‍പെടാത്ത എന്നാല്‍ സര്‍വേ നമ്പറില്‍പ്പെട്ട ഭൂമി ബാങ്കില്‍ വെച്ച് ലോണെടുക്കാന്‍ പോലും കഴിയാത്തത് ജനങ്ങളോടുള്ള ക്രൂരതയാണ് കാണിക്കുന്നത്. ഇങ്ങിനെ ജനങ്ങളെ ദ്രോഹിച്ച് പരിസ്ഥിതിയെ നശിപ്പിച്ച് ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ജനങ്ങളുടെ സ്വത്തും മലകളെയും വയലുകളെയും നശിപ്പിച്ച് നടപ്പിലാക്കുന്ന വികസനം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. ജനജീവിതത്തെ കൂടുതല്‍ ആശങ്കയിലാക്കി അരക്ഷിത ബോധത്തിലേക്ക് തള്ളിവിടുന്ന ഇത്തരംപദ്ധതികളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ഭൂമികള്‍ നഷ്ടപ്പെടുന്ന ഇരകളായവര്‍ പറയുന്നു.

കെ റെയില്‍ കേരളത്തെ കടക്കെണിയിലാക്കും

സംസ്ഥാനത്ത് പ്രയോജനകരമല്ലാത്ത, പാരിസ്ഥിതിക ദോഷം വരുത്തുന്ന സാമ്പത്തികമായി പ്രായോഗികമല്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുമെന്ന് ബെന്നി ബെഹനാന്‍ എം.പി പറഞ്ഞു. നിയമസഭ ചര്‍ച്ച ചെയ്യാതെ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ കേന്ദ്ര അനുമതികള്‍ കിട്ടാതെ തിടുക്കത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെവെച്ച് നടപ്പിലാക്കാന്‍ കഴിയാത്ത ഒരു ആകാശ കുസുമ പദ്ധതിയാണെന്നറിഞ്ഞിട്ടും കേരള ജനതയെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍.

 

 

Test User: