ഹനുമാന്‍ ക്ഷേത്രത്തില്‍ ഇറച്ചിക്കഷണം; വര്‍ഗീയ പ്രചാരണം നടത്തി ബി.ജെ.പി എം.എല്‍.എ, പ്രതിയെ തിരിച്ചറിഞ്ഞിട്ടും വിദ്വേഷ പോസ്റ്റ് റിമൂവ് ചെയ്തില്ല

ഹൈദരാബാദിലെ തപ്പചബുത്രയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തിന് സമീപം ഇറച്ചിക്കഷണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം പുറത്തുവന്നിട്ടും വര്‍ഗീയ ആരോപണം പിന്‍വലിക്കാതെ ബി.ജെ.പി വിവാദ എം.എല്‍.എ ടി. രാജാസിങ്.

ഇറച്ചി കൊണ്ടിട്ടതിന്റെ പേരില്‍ മുസ്‌ലിംകളെയടക്കം കുറ്റപ്പെടുത്തിയാണ് രാജാസിങ്ങിന്റെ വിഡിയോ. ഇറച്ചി വാര്‍ത്ത പരന്നതോടെ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

‘മനഃപൂര്‍വമായ പ്രകോപന പ്രവൃത്തി അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ വീണ്ടും ഹൈദരാബാദിലെ തപ്പചബുത്രയില്‍ ഹനുമാന്‍ ക്ഷേത്രം ലക്ഷ്യമിട്ട് സാമൂഹിക വിരുദ്ധര്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു. ചിലര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ കയറി ശങ്കറിന്റെ വിഗ്രഹത്തിലും ശിവലിംഗത്തിലും ഹനുമാന്‍ പ്രതിമയിലും പശു ഇറച്ചി എറിഞ്ഞു’ രാജാസിങ് പറഞ്ഞു.

ഇറച്ചി ഇട്ടത് മനഃപൂര്‍വമാണോ അതോ മൃഗങ്ങള്‍ ചെയ്തതാണോ അതോ മാനസിക രോഗികള്‍ ആണോ എന്ന് അന്വേഷിക്കാമെന്നും ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സൗത്ത് ഈസ്റ്റ് ഡിസിപി ചന്ദ്ര മോഹന്‍ പറഞ്ഞെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല.

ഹൈദരാബാദില്‍ ഇത്തരം പ്രവൃത്തികള്‍ പതിവായതായാണ് രാജാസിങ് പ്രതികരിച്ചത്. ‘മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഓരോ തവണയും നായയോ പൂച്ചയോ മാംസം കൊണ്ടുവന്നുവെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ വിശദീകരണം പതിവായി മാറിയിരിക്കുന്നു. ശക്തമായ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു’ രാജാസിങ് പറഞ്ഞു.

സംഭവത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ, സംഭവത്തിലെ യഥാര്‍ഥ ‘പ്രതിയെ’ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഒരു പൂച്ചയാണ് ഇറച്ചിക്കഷണം തെരുവില്‍ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസ് പുറത്തുവിട്ടു. ആദ്യം തെരുവുനായ കടിച്ചുകൊണ്ടുവന്ന ഇറച്ചിക്കഷ്ണം പിന്നീട് പൂച്ച എടുത്ത് ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് സംയമനം പാലിക്കാന്‍ പൊലീസ് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് തപ്പചബുത്രയിലെ നടരാജ് നഗറില്‍ മദീന ഹോട്ടലിനരികിലുള്ള ക്ഷേത്രത്തിനുള്ളില്‍ ഇറച്ചിക്കഷണം കണ്ടെത്തിയത്. 250 ഗ്രാമോളം തൂക്കമുള്ള ഇറച്ചിക്കഷണമാണ് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠക്ക് അരികിലായി പൂജാരി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് വന്‍തോതില്‍ ജനം ക്ഷേത്രത്തിനരികിലെത്തി. സംഭവം ബി.ജെ.പി നേതാക്കള്‍ ഏറ്റെടുക്കുകയും ഇതോടെ വിദ്വേഷ പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ക്ഷേത്രത്തിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ, സാമുദായിക പ്രശ്‌നമായി ഇത് വളരാനുള്ള സാധ്യതയുമേറി.

സാമുദായിക സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി വന്‍തോതില്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രതിഷേധ സാഹചര്യത്തില്‍ മേഖലയിലെ കടകളെല്ലാം ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു.

മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നാല് സംഘത്തെയാണ് പൊലീസ് നിയോഗിച്ചത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ ഒരു സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടത് ഇറച്ചിക്കഷണവുമായി പൂച്ച പോകുന്നതാണ്. പൂച്ച ഇറച്ചിക്കഷണവുമായി ക്ഷേത്രത്തിനുള്ളിലേക്ക് പോകുന്നതും വ്യക്തമായി. ഇതോടെയാണ്, പൂച്ചയാണ് ക്ഷേത്രത്തില്‍ ഇറച്ചിക്കഷണം കൊണ്ടിട്ടതെന്ന് തെളിഞ്ഞത്. ഇക്കാര്യം വ്യക്തമായതായി എ.സി.പി വിക്രം സിങ് മന്‍ പറഞ്ഞു.

webdesk13:
whatsapp
line