മലപ്പുറം ചട്ടിപ്പറമ്പില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. റജിസ്‌ട്രേഷന്‍ കൗണ്ടറിലെ ജീവനക്കാരിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. തന്നെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മുഖം മാസ്‌ക്ക് ചെയ്യണമെന്നായിരുന്നു സുരക്ഷാജീവനക്കാരന്റെ അഭ്യര്‍ഥന. കുറഞ്ഞ വേതനത്തിനാണ് കുടുംബം പോറ്റാന്‍ ജോലി ചെയ്യുന്നത്. തനിക്ക് മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വേതനയാകുമെന്ന് ചികില്‍സയില്‍ കഴിയുന്ന സുരക്ഷാജീവനക്കാരന്‍.
രാത്രി പതിനൊന്നരക്ക് ക്ലിനിക്കില്‍ രോഗിയേയുമായി എത്തിയവരില്‍ ഒരാള്‍ ജീവനക്കാരിയുടെ ചിത്രം പകര്‍ത്തിയത് ഡീലിറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ആദ്യം കെട്ടിടത്തിനുളളില്‍ വച്ച് ആക്രമിച്ചു. പിന്നാലെ പുറത്തേക്ക് വലിച്ചുകൊണ്ടുവന്ന് രണ്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കൗണ്ടറിന് മുന്നില്‍ നിന്ന് ഗൂഗിള്‍ പേ ചെയ്യാന്‍ ശ്രമിച്ചതാണെന്നും ചിത്രം പകര്‍ത്തിയിട്ടില്ലെന്നുമായിരുന്നു സംഘത്തിന്റെ മറുപടി.