X

സ്വന്തം ഭാര്യയെ പോലും ശാരീരികവും മാനസികവുമായി തകര്‍ത്ത വ്യക്തി; സി.പി.എം മുകേഷിന്റെ രാജി ചോദിച്ച് വാങ്ങണം; കെ.കെ രമ

നടനും സി.പി.എം എംല്‍എയുമായ മുകേഷ് സ്ഥാനമൊഴിയാന്‍ തയ്യാറാകണമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. വലിയ പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 4 വര്‍ഷം പൂഴ്ത്തിവെച്ച സര്‍ക്കാരാണ് ഇപ്പോള്‍ ഇരകളുടെ ഒപ്പമാണെന്ന് പറയുന്നതെന്നും കെ.കെ. രമ പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരേ ഉയര്‍ന്നുവരുന്നത്. നേരത്തെ, ഈ വിഷയത്തില്‍ കേസ് എടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ രാജി സി.പി.എം ചോദിച്ചുവാങ്ങണം. ധാര്‍മികമായി ഒരു നിമിഷംപോലും എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ മുകേഷിന് അര്‍ഹതയില്ല. ആവശ്യമെങ്കില്‍, സ്പീക്കറുടെ അനുവാദത്തോടെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണം.

സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയിലെ അംഗമാണ് മുകേഷ്. ഇദ്ദേഹത്തെ വച്ചാണ് സര്‍ക്കാര്‍ നയമുണ്ടാക്കുന്നത്. സ്വന്തം ഭാര്യയെ പോലും ശാരീരികവും മാനസികവുമായി തകര്‍ത്ത വ്യക്തി. ഈ സമിതിയില്‍ നിന്നും മുകേഷിനെ പുറത്താക്കണം. സ്ത്രീകള്‍ തലപ്പത്തുള്ള നയരൂപീകരണ സമിതിയുണ്ടാക്കേണ്ടതുണ്ട്.

‘സ്ത്രീപക്ഷ സര്‍ക്കാരായിരുന്നു കേരളത്തിലേതെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പ്രതിഷേധത്തിന് കാത്ത് നില്‍ക്കാതെ ആരോപണവിധേയരെ സ്ഥാനത്ത് നിന്നും നീക്കേണ്ടതായിരുന്നു. ഈ വിഷയം സര്‍ക്കാരിന് മുന്നിലെത്തിയിട്ട് നാലര വര്‍ഷമായി. ഇത്രയും കാലം ഇത് പൂഴ്ത്തിവെച്ചവരാണ് ഇപ്പോള്‍ ഇരകളുടെ ഒപ്പമാണെന്ന് പറയുന്നത്. ഒരു പേജെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോയെന്ന് എന്ന് നമുക്കറിയില്ല. ഇനി നോക്കിയെങ്കില്‍ ഇത്രയും കാലം അവര്‍ മിണ്ടിയില്ല’, കെ.കെ. രമ പറഞ്ഞു.

webdesk13: