പ്ലസ് വണ്‍, ഡിഗ്രി പ്രവേശനങ്ങളില്‍ മെറിറ്റ് ക്വാട്ട പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയിലെ അഡ്മിഷന്‍ നടപടികള്‍ അവസാനിപ്പിച്ച് സംവരണ അട്ടിമറി നടത്തുന്ന സര്‍ക്കാര്‍ നടപടി അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗം വ്യക്തമാക്കി. രണ്ടാം അലോട്ട്മെന്റ് അഡ്മിഷന് മുമ്പ് തന്നെ സംവരണ സീറ്റില്‍ പ്രവേശനം നടത്തി മെറിറ്റില്‍ പരിഗണിക്കേണ്ട വിദ്യാര്‍ത്ഥികളുടെ അവസരം കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. വലിയ സംവരണ അട്ടിമറിയാണിത്. മുസ്ലിംലീഗും എം.എസ്.എഫും നിരവധി തവണ ഈ വിഷയം സൂചിപ്പിച്ചിട്ടും തീരുമാനം അടിച്ചേല്‍പിക്കുന്ന നടപടി തുടരുകയാണ്. മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട കുട്ടികള്‍ പോലും സംവരണ ക്വാട്ടയിലേക്ക് തള്ളപ്പെടുകയാണ്. മുസ്ലിംലീഗ് ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. – മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലബാറിലെ വിദ്യാഭ്യാസ മേഖലയിലുള്ള അവസരങ്ങളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പലതവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകളാണ് ഇതുവഴി ഇല്ലാതാകുന്നത്. അഡീഷണല്‍ ബാച്ചുകളും ഡിവിഷനുകളും സീറ്റുകളും വര്‍ധിപ്പിച്ച് ഈ അപര്യാപ്തത പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. – യോഗം ആവശ്യപ്പെട്ടു. ജെന്റര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ്സ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടുപോകാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ല. ലിബറലിസത്തിന്റെ നിഗൂഢമായ ദുരുദ്ദേശ്യങ്ങളുടെ ഭാഗമാണിത്. കരിക്കുലം പരിഷ്‌ക്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, സി.എ.എം.എ കരീം, സി.പി ബാവ ഹാജി, ടി.എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു.