x
തിരുവനന്തപുരം: സമരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍ സമരങ്ങളെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്നിറങ്ങിപ്പോയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖല തിരിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. പൊലീസുകാരെല്ലാം നല്ലപാഠം പഠിക്കണമെന്നാണ് യോഗങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പറഞ്ഞത്. ആ നല്ലപാഠം കെ.എസ്.യു നേതാക്കളുടെ പുറത്ത് പ്രകടിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സപോലും നിഷേധിച്ചു. വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവിടെയെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഒരു ഡോക്ടര്‍ പറഞ്ഞത് എന്തുവന്നാലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകില്ലെന്നാണ്. ആരുടെ സംരക്ഷണയിലാണ് ഡോക്ടര്‍ ഇങ്ങനെ പറഞ്ഞതെന്ന് അന്വേഷിക്കണം. ഈ ഡോക്ടറെ ഉടനടി സസ്‌പെന്‍ഡ് ചെയ്യണമെന്നും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതെന്നും മുനീര്‍ പറഞ്ഞു.