X
    Categories: Newsworld

കൊട്ടാരസമാന മുറി,വൈരക്കല്ലുകള്‍ പൊതിഞ്ഞ കിരീടം;രാജ്ഞിക്ക് പത്താംനാള്‍ അന്ത്യവിശ്രമം

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജ് ഡൗണ്‍’ ഇനി നീണ്ട പത്ത് ദിനങ്ങള്‍, രാജ്ഞിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്‌കാര ചടങ്ങുകള്‍ ഓരോ ദിവസങ്ങളിലായിട്ടാണ് നടക്കുക. മരിച്ച ദിവസം മുതലായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണവാര്‍ത്ത പുറത്തു വന്നത് എന്നതിനാല്‍ ഇന്നലെ മുതലാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമാകുക. ഡി ഡേ/ ഡി 0 എന്ന കോഡിലാണ് മരണ ദിവസം അറിയപ്പെടുന്നത്. മരണം സ്ഥിരീകരിച്ച ഉടന്‍ ‘ലണ്ടന്‍ ബ്രിഡ്ജ് ഡൗണ്‍’ എന്ന കോഡിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുന്നത്. ഇതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.

ബ്രിട്ടനിലെ എല്ലായിടത്തും പതാകകള്‍ താഴ്ത്തിക്കെട്ടണം. ബക്കിങ്ഹാം പാലസിന്റെ വെബ്‌സൈറ്റില്‍ കറുത്ത പശ്ചാത്തലത്തില്‍ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പും നല്‍കും. യു.കെയുടെ ഔദ്യോഗിക മാധ്യമമായ ബി.ബി.സി വിവരങ്ങള്‍ പുറത്തുവിടും. ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്തും മരണവിവരം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രദര്‍ശിപ്പിക്കും. അതേസമയം, എത്ര ദിവസം ദുഃഖാചരണം ആചരിക്കണം എന്നത് സംബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് വിവരം വരുന്നതേയുള്ളു.

1960 മുതലാണ് ഇത്തരത്തില്‍ നീണ്ട സംസ്‌കാര ചടങ്ങുകള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നത്. എല്ലാ വര്‍ഷവും സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുതുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായുള്ള മുഴുവന്‍ പദ്ധതികളും ബെക്കിങ്ഹാം കൊട്ടാരമാണ് സ്ഥിരീകരിക്കുന്നത്. മരിച്ചു കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞായിരിക്കും കൊട്ടാരത്തില്‍നിന്നു ഭൗതികശരീരം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തിക്കുക. അനുശോചനം അറിയിച്ച ശേഷം ബ്രിട്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയിലെ ഗ്രാന്‍ഡ് ഹാളില്‍വെച്ച് ഭൗതികശരീരം അടക്കം ചെയ്യും. വിന്‍ഡ്‌സര്‍ കോട്ടയിലാണ് രാജ്ഞിയുടെ പിതാവ് ജോര്‍ജ് ആറാമനേയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനേയും അടക്കം ചെയ്തിരിക്കുന്നത്. 1953ല്‍ രാജ്ഞിയുടെ കിരീടധാരണം ഉള്‍പ്പെടെ ബ്രിട്ടനിലെ പല രാജാക്കന്മാരും രാജ്ഞിമാരും കിരീടധാരണം നടത്തിയ ചരിത്രപ്രസിദ്ധമായ പള്ളിയാണ് വെസ്റ്റ്മിന്‍സ്റ്റര്‍.

1947ല്‍ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തതും ഈ പള്ളിയില്‍ വെച്ചായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, മരത്തടികള്‍കൊണ്ട് മേല്‍ക്കൂരയുള്ള രാജകീയ വീട്ടുപകരണങ്ങളാല്‍ അലംകൃതമായ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിന്റെ മധ്യത്തിലായിട്ടായിരിക്കും രാജ്ഞിയുടെ ശവമഞ്ചം വെക്കുക. സൈനിക അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരിക്കും ബക്കിങ്ഹാമില്‍ നിന്ന് രാജ്ഞിയുടെ മൃതദേഹം ഇവിടെ എത്തിക്കുക. ബ്രിട്ടന്റെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ് പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ രാജകിരീടം, ചെങ്കോല്‍, ഓര്‍ബ് എന്നിവയും ഉണ്ടാകും.

ശവമഞ്ചം ഹാളില്‍വെച്ച് കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. 170 കാരറ്റോളം വരുന്ന ബ്ലാക്ക് പ്രിന്‍സസ് റൂബി, സെന്റ് എഡ്വേര്‍ഡ്‌സ് സഫയര്‍ നീലക്കല്ല്, കുള്ളിനന്‍ വജ്രം പതിപ്പിച്ച രാജകിരീടം 92 സെന്റീ മീറ്റര്‍ നീളം വരുന്ന സ്വര്‍ണ്ണ ചെങ്കോല്‍, ക്രിസ്തീയ ലോകത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗ്ലോബ് (ഓര്‍ബ്) തുടങ്ങിയവയാണ് കിരീടത്തോടൊപ്പം തന്നെ ശവമഞ്ചത്തില്‍ സ്ഥാപിക്കും. ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിക്കകത്തുള്ള സെന്റ് ജോര്‍ജ് ചാപ്പലിലേക്ക് ശവമഞ്ചം കൊണ്ടു പോകും. കൂടെ രാജകുടുംബങ്ങള്‍ അനുഗമിക്കും. രാജകുടുംബങ്ങളുടെ വിവാഹവും സംസ്‌കാരങ്ങളും നടക്കുന്നത് ഈ പള്ളിയില്‍വെച്ചാണ്. രാജ്ഞിയുടെ ഭര്‍ത്താവിന്റെ സംസ്‌കാരവും ഹാരിയുടേയും മേഗന്റേയും വിവാഹവും കഴിഞ്ഞതും ഇവിടെ തന്നെയാണ്. മരണവിവരമറിഞ്ഞ് ബല്‍മോറയില്‍ എത്തിയ ചാള്‍സ് രാജാവും രാജ്ഞിയും കഴിഞ്ഞ ദിവസം രാത്രി അവിടെ തങ്ങിയിരുന്നു. തിരിച്ച് ലണ്ടനിലെത്തുന്ന രാജാവ് അധികാരമേറ്റെടുക്കും. പ്രധാനമന്ത്രി ലിസ് ട്രസും പരിപാടിയില്‍ പങ്കെടുത്തേക്കും. തുടര്‍ന്ന് ചാള്‍സ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ചുള്ള ഷെഡ്യൂളുകള്‍ തയ്യാറാക്കുന്നതിനായി രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഏള്‍ മാര്‍ഷലുമായി ചര്‍ച്ച നടത്തും. വരും ദിവസങ്ങളില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിടും. ആരൊക്കെ പങ്കെടുക്കണം, എത്ര നേരം നീളുന്ന സംസ്‌കാരചടങ്ങുകളാണ് വേണ്ടത്, എന്തൊക്കെ രാജകീയ വീട്ടുപകരണങ്ങളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ രാജാവ് തീരുമാനിക്കും സംസ്‌കാരദിവസം ദേശീയ അവധിയായിരിക്കും.

Test User: