X

ജൂൺ നാലിന് പുതിയ ഉദയം; ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന് രാഹുൽ

ജൂണ്‍ നാലിന് രാജ്യത്ത് പുതിയ ഉദയമുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എക്‌സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുവരെയുള്ള ട്രെന്‍ഡ് വ്യക്തമാണ്. ഇന്ത്യ മുന്നണി രാജ്യത്ത് സര്‍ക്കാര്‍ രുപീകരിക്കാന്‍ പോവുകയാണ്. കടുത്ത ചൂടിനേയും അവഗണിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ നിങ്ങള്‍ വോട്ട് ചെയ്യാന്‍ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

ഇന്നും നിങ്ങള്‍ ഒരുമിച്ചെത്തി വോട്ട് ചെയ്യണം. ധാര്‍ഷ്ട്യത്തിന്റെ സ്വേച്ഛാധിപത്യത്തിന്റേയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് അവസാന പ്രഹരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജൂണ്‍ നാലിന് രാജ്യത്ത് പുതിയ സൂര്യന്‍ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് മൂന്നാംതവണയാണ് മോദി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ അജയ് റായ് ആണ് മോദിയുടെ എതിരാളി.

57 ലോക്‌സഭ സീറ്റുകളിലേക്കായി 904 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ രണ്ടിന് അറിയാന്‍ കഴിയും.

webdesk13: