അശ്റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽപെട്ട് പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂർ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമ്മാം-ജുബൈൽ റോഡിൽ റസ്തന്നൂറ എക്സിറ്റ് കഴിഞ്ഞ ഉടനെ
ചെക്ക് പോയിൻ്റിന് സമീപമാണ് അപകടമുണ്ടായത്. മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മനോജ് മേനോൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സുരേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം സുരേഷ് ആസ്പത്രി വിട്ടു. ഔദ്യോഗിക ആവശ്യാർഥമുള്ള യാത്രയിലായിരുന്നു ഇരുവരും.
കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരാണ് മരണപ്പെട്ട മനോജ് മേനോൻ. അഞ്ചുവർഷത്തിലേറെയായി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് മേനോൻ നേരത്തെ ഖത്തറിലും പ്രവാസിയായിരുന്നു.
ഭാര്യ: ഗോപിക മേനോൻ. മകൻ:അഭയ് മേനോൻ. മരണ വിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഖത്വീഫ് സെൻട്രൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കെ.എം.സി.സി അറിയിച്ചു.