കണ്ണൂര്‍: കണ്ണൂരില്‍ ഇടതു എംഎല്‍എയുടെ ഫോട്ടോയടങ്ങിയ കലണ്ടര്‍ വിതരണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. തലശ്ശേരി മണ്ഡലത്തിലെ സ്‌കൂളുകളില്‍ വിതരണം ചെയ്ത കലണ്ടറുകളില്‍ സ്ഥലം എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയത്. ഇത് ചില സ്‌കൂളുകളില്‍ തൂക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം വ്യാപകമായത്. സര്‍ക്കാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എംഎല്‍എയുടെ ഫോട്ടോയടങ്ങിയ കലണ്ടര്‍ വിതരണം ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്തുവന്നു. എംഎല്‍എയുടെ ഫോട്ടോക്കു പകരം ഗാന്ധിജിയുടെ ചിത്രം പ്രിന്റ് ചെയ്ത കലണ്ടറുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തു തുടങ്ങി.
എല്ലാ കുട്ടികളും കാണുന്ന രീതിയിലാണ് മിക്ക ക്ലാസ് മുറികളിലും കലണ്ടര്‍ സ്ഥാനം പിടിച്ചിരുന്നത്. എല്ലാവരും സ്‌കൂളിനൊപ്പമെന്ന ആഹ്വാനത്തോടെയാണ് ഇവ അച്ചടിച്ചിരുന്നത്. പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന കലണ്ടറില്‍ ‘സ്ഥാനം പിടിച്ച’ എംഎല്‍എ സ്വന്തം കുട്ടിയെ പഠിപ്പിക്കുന്നത് സ്വാശ്രയ സ്‌കൂളിലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് എംഎല്‍എയോട് പ്രതികരണം ആരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.