തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത്. തിരുവന്തപുരത്ത് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും 28 സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നും ഇത്തരത്തില്‍ കമ്പനികള്‍ രൂപികരിക്കാനും നടത്താനുമുള്ള സാമ്പത്തക പിന്‍ബലം എവിടെ നിന്നു ലഭിച്ചെന്നും കൊടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കുമ്പോള്‍ മക്കളുടെ പല കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്നും രാധാകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തിരുവനന്തപുരം ശാസ്തമംഗലത്ത് ആറ് കമ്പനികളാണ് ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പങ്കാളിത്തത്തില്‍ 28 സ്വകാര്യ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 28 കമ്പനികളില്‍ ആറ് കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്താന്‍ ഇത്രയും സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്ന 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയിലാണ് ഈ കമ്പനികളില്‍ അധികവും പ്രവര്‍ത്തിക്കുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും രാധാകൃഷ്ണന്‍ ആരോപിക്കുന്നു. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് രാധാകൃഷണ്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.