X
    Categories: MoreViews

വിസ്മയമായി മധ്യപ്രദേശില്‍ കൂറ്റന്‍ മതില്‍കെട്ട്; ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ഏറ്റവും വലുതെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ‘വന്‍മതില്‍’ എന്ന് വിശേഷിപ്പിക്കാവുന്ന കൂറ്റന്‍ മതില്‍കെട്ട് മധ്യപ്രദേശില്‍ ഗവേഷകര്‍ കണ്ടെത്തി. ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും നീളംകൂടിയ മതില്‍കെട്ടായിരിക്കും ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ചരിത്ര കുതുകികളില്‍ ആകാംക്ഷയുയര്‍ത്തി വര്‍ഷങ്ങളായി ഇന്ത്യയുടെ മധ്യത്തിലായി ഈ മതില്‍കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ചരിത്ര പ്രാധാന്യം ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. മധ്യപ്രദേശിലെ റായ്‌സേന്‍ ജില്ലയിലാണ് മതിലിന്റെ പല ഭാഗങ്ങളും ഉള്ളത്.
തേക്ക് കാടുകളിലൂടെയും വിന്ധ്യ താഴ്‌വരയിലൂടെയും വിശാലമായ ഗോതമ്പു പാടങ്ങളിലേയും കടന്നുപോകുന്ന മതിലിന് ഇതുവരെയുള്ള നിഗമനം അനുസരിച്ച് 80 കിലോമീറ്ററെങ്കിലും നീളം വരുമെന്നാണ് കണക്കാക്കുന്നത്. 20 വര്‍ഷം മുമ്പ് നിര്‍മിച്ച അണക്കെട്ടിനാല്‍ തകര്‍ന്നു പോയ നിലയിലാണ് മതിലിന്റെ ഒരറ്റം അവസാനിക്കുന്നത്.

ചിലയിടങ്ങളില്‍ 15 അടി വരെ ഉയരമുള്ള കൂറ്റന്‍ മതില്‍കെട്ടായി തന്നെ നിലനില്‍ക്കുമ്പോള്‍ മറ്റു ചിലങ്ങളില്‍ ഇതിന്റെ അവിശിഷ്ടങ്ങള്‍ മാത്രമാണുള്ളത്. മറ്റു ചിലയിടങ്ങളില്‍ മണല്‍കാടുകളില്‍ മൂടിപ്പോയ നിലയിലാണ്. ഉത്ഘനനം നടത്തിയെങ്കില്‍ മാത്രമേ ഈ ഭാഗങ്ങളിലെ ചരിത്ര ശേഷിപ്പുകള്‍ വീണ്ടെടുക്കാനാവൂ.
റായ്‌സേനയിലെ ഫാര്‍മസിസ്റ്റ് രാജീവ് ഛൗബേയും സന്യാസിയായ സുഖ്‌ദേവ് മഹാരാജുമാണ് കാലം അവഗണിച്ച ചരിത്ര ശേഷിപ്പുകള്‍ തേടി ആദ്യം യാത്ര തുടങ്ങിയത്. യാത്രാ വിവരണങ്ങളിലൂടെയും ചരിത്ര പഠനങ്ങളിലൂടെയും ഇവര്‍ നല്‍കിയ വിവരങ്ങള്‍ അറിഞ്ഞ് കൂടുതല്‍ ചരിത്ര കുതുകികള്‍ പ്രദേശത്തെത്തിത്തുടങ്ങി.

പിന്തുടര്‍ന്നുപോകുന്തോറും ഒളിപ്പിച്ചുവെച്ച പല അത്ഭുതങ്ങളുടെയും ചെപ്പുകള്‍ തുറക്കുന്നതാണ് ഈ കൂറ്റന്‍ മതില്‍ എന്നാണ് ഛൗബേയുടെ യാത്രാ വിവരണങ്ങള്‍ പറയുന്നത്. ഉപേക്ഷിക്കപ്പെട്ട കൊട്ടാര സദൃശ്യമായ ഭവനങ്ങള്‍, ക്ഷേത്ര നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍, പ്രതിമകളുടെ ഭാഗങ്ങള്‍, കല്ല് പാകിയ കുളിക്കടവുകള്‍ തുടങ്ങി ഒട്ടേറെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഭൂമിയുടെ മുകള്‍ഭാഗത്തുള്ള ചരിത്ര ശേഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ഉത്ഖനനം നടത്തിയെങ്കില്‍ മാത്രമേ ഭൂമിക്കടിയിലുള്ള അത്ഭുതങ്ങളെക്കുറിച്ച് വിവരം ലഭിക്കൂ. ഏതെങ്കിലും രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കോട്ടമതില്‍ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ആരാണ് നിര്‍മിച്ചതെന്നോ, ഏതു കാലത്താണ് പണി കഴിപ്പിച്ചതെന്നോ അറിയണമെങ്കില്‍ വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

chandrika: