X

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

webdesk14: