X

ഗുജറാത്തിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ മുസ്‍ലിം യുവാവിനെ അടിച്ചുകൊന്നു

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. 23കാരനായ സല്‍മാന്‍ വൊഹ്‌റയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 22ന് ഗുജറാത്തിലെ ചിഖോദരയിലാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം കാണാന്‍ പോയതായിരുന്നു സല്‍മാന്‍. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.

ടൂര്‍ണമെന്റില്‍ മുസ്‌ലിം താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ ഹിന്ദുത്വ വാദികള്‍ സംഘര്‍ഷം സൃഷ്ടിച്ചതെന്ന് ദേശീയ മാധ്യമമായ ‘ദെ ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ കളിക്കാര്‍ മുസ്‌ലിംകളായിരുന്നു. ഫൈനലിലെത്തിയ ഒരു ടീമില്‍ ഭൂരിഭാഗം പേരും മുസ്‌ലിംകളായിരുന്നു. എതിര്‍ ടീമിലും രണ്ട് മൂന്ന് താരങ്ങള്‍ മുസ്‌ലിംകളാണ്.

വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുസ്‌ലിം താരങ്ങള്‍ സുരക്ഷിതരല്ലെന്നും ടൂര്‍ണമെന്റ് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരം വീക്ഷിക്കാനായി 5000ഓളം പേര്‍ തടിച്ചുകൂടിയിരുന്നു. മത്സരം തുടങ്ങിയതോടെ കാണികളില്‍ ഒരു വിഭാഗം ജയ് ശ്രീരാം വിളിക്കാന്‍ തുടങ്ങി. മുസ്‌ലിം താരങ്ങള്‍ നല്ല രീതിയില്‍ കളിക്കരുതെന്നായിരുന്നു അവരുടെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇതിനിടയിലാണ് മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ സല്‍മാനുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്. പാര്‍ക്കിങ് സ്റ്റാന്‍ഡില്‍നിന്ന് ബൈക്ക് മാറ്റാന്‍ അവര്‍ സല്‍മാനോട് ആവശ്യപ്പെട്ടു. കുറച്ചു സമയങ്ങള്‍ക്ക് ശേഷം കൂടുതല്‍ പേരുമായി അവര്‍ തിരിച്ചെത്തി. മദ്യപിച്ചെത്തിയ ഒരാള്‍ സല്‍മാനാണെന്ന് തെറ്റിദ്ധരിച്ച് സുഹൈല്‍ എന്ന യുവാവിനെ ആക്രമിക്കാന്‍ തുടങ്ങി. സുഹൈലിനെ രക്ഷിക്കാനായി ശ്രമിച്ചതോടെ സല്‍മാന് നേരെയായി ആക്രമണം.

ക്രൂരമായ മര്‍ദനത്തിനാണ് ഇയാള്‍ ഇരയായത്. വലത് കൈയില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന് താഴെ മുറിവേറ്റു. കത്തികൊണ്ടുള്ള കുത്തേറ്റ് വൃക്കക്ക് തകരാറ് സംഭവിച്ചു. വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. ചെവി കടിച്ചുമുറിച്ചിരുന്നതായും സല്‍മാന്റെ അമ്മാവന്‍ നൊമാന്‍ വെഹ്‌റ ‘ദെ ക്വിന്റി’നോട് പറഞ്ഞു.

കത്തി വൃക്കയില്‍ തട്ടിയതാണ് മരണത്തിന്റെ പ്രധാനകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സല്‍മാനെ കൂടാതെ മറ്റു രണ്ടു മുസ്‌ലിം ചെറുപ്പക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. 2 മാസം മുമ്പാണ് സല്‍മാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ മാഷിറ ഗര്‍ഭിണിയാണ്.

സല്‍മാന്റെ കുടുംബം ജൂണ്‍ 23ന് ആനന്ദ് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇതുവരെ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സല്‍മാനെ ബാറ്റുകൊണ്ടും കത്തികൊണ്ടും മര്‍ദിച്ച വിഷാല്‍, ശക്തി എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടി?ല്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൂടാതെ കേസില്‍ ക്രമിനല്‍ ഗൂഢാലോചനാ കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

webdesk13: