X

വനംവകുപ്പ് ഭൂമിയിലെ അനധികൃത നിര്‍മാണമെന്നാരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം ബാലന്റെ വീട് തകർത്തു

ഹിന്ദു വിഭാഗത്തില്‍പ്പെട്ട സഹപാഠിയെ കുത്തിയെന്നാരോപിച്ച് മുസ്‌ലിം ബാലന്റെ വാടകവീട് പൊളിച്ചുനീക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഉദയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം. വനംവകുപ്പിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാടകവീട് ബുള്‍ഡോസര്‍വെച്ച് തകര്‍ത്തത്.

ഉടമയ്ക്ക് ഒരു തരത്തിലുള്ള ഉടമസ്ഥാവകാശ രേഖയും നല്‍കാന്‍ കഴിഞ്ഞില്ല എന്നാണ് ഉദയ്പൂര്‍ ഇന്‍സ്പെക്ടര്‍ സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയത്. ശനിയാഴ്ചയാണ് വീട് ഒഴിയാനുള്ള അറിയിപ്പ് പ്രായപൂര്‍ത്തിയാവാത്ത ബാലനും പിതാവിനും ലഭിക്കുന്നത്. സ്ഥലം ഒഴിയാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടും ഉച്ചയോടെ വീട് പൊളിക്കുകയായിരുന്നു.

സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ബാലനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.പിതാവിനെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് നിലവില്‍ വ്യക്തമല്ല.

കുത്തേറ്റ സഹപാഠിയുടെ നില തൃപ്തികരമാണെന്ന് ഉദയ്പൂര്‍ കളക്ടര്‍ അരവിന്ദ് പോസ്വാള്‍ അറിയിച്ചു. അതേസമയം കുട്ടിയും കുടുംബവും ബന്ധുവിന്റെ സ്ഥലത്താണ് താമസിക്കുന്നതെന്നും എന്തിനാണ് ഭരണകൂടം തന്റെ വീട് അനധികൃതമായി പൊളിച്ചതെന്നും വാടകവീടിന്റെ ഉടമ ചോദിച്ചിരുന്നു.

നിലവില്‍ ബാലന്റേതടക്കം 4 വീടുകള്‍ കൂടി ഒഴിയാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം വിഭാഗക്കാര്‍ നിയമവിരുദ്ധമായി കുറ്റാരോപിതരാവുകയും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. വര്‍ഗീയ കലാപങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഇപെടല്‍ ആവശ്യപ്പെട്ട് അവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

webdesk13: