X

അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയ്‌സക്കനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം ചത്തീസ്ഗഡില്‍

ചത്തീസ്ഗഡില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദുമാര്‍പ്പള്ളി ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

50 വയസുള്ള പഞ്ച്‌റാം സാര്‍ത്തി എന്ന അമ്പതുകാരന്‍ അരി മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. പിന്നാലെ അയല്‍വാസികളായ മൂന്ന് പേര് ചേര്‍ന്ന് ഇയാളെ മുളവടികൊണ്ട് മര്‍ദിച്ചതായും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

പിന്നാലെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദളിതനായ പഞ്ച്‌റാ സാത്തിയെ അബോധാവസ്ഥയില്‍ മരത്തില്‍ കെട്ടിയിട്ടതായി കാണുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103 ഒന്ന് പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിന് ദളിത് മധ്യവയസ്‌ക്കനെ ഇരയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകത്തിന് കേസെടുക്കണമെന്നും നാട്ടുകാരില്‍ ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഭാരതീയ ന്യായ സംഹിത 103 രണ്ട് വകുപ്പ് പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ജാതി, സമുദായം, ഭാഷ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ കൊലപാകം നടത്തുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വീരേന്ദ്രസാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍ കയറി പഞ്ച്‌റാം സാര്‍ത്തി അരി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ മര്‍ദിച്ചതും കൊലപ്പെടുത്തിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

webdesk13: