കൊച്ചി: ആനയെ നടയിരുത്തല്‍ സംസ്ഥാനത്ത് പുത്തരിയല്ല. എന്നാല്‍ യന്ത്ര ആനയെ നടയിരുത്തല്‍ നടാടെയാണ്. തൃശൂര്‍ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് യന്ത്ര ആനയെ നടയിരുത്തിയത്. ആനയെയോ മറ്റ് മൃഗങ്ങളെയോ ഒരിക്കലും വളര്‍ത്തുകയോ വാടകക്കെടുക്കുകയോ ചെയ്യില്ലെന്ന ക്ഷേത്രത്തിന്റെ പ്രതിജ്ഞയെ തുടര്‍ന്ന് ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത് പീപ്പിള്‍ ഫോര്‍ എതിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യയുമായി കൈകോര്‍ത്താണ് ‘രാമന്‍’ എന്ന ഈ റോബോട്ടിക്ക് ആനയെ നടയിരുത്തിയത്.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ സുരക്ഷിതമായും ക്രൂരതയില്ലാത്ത രീതിയിലും നടത്താനും അതുവഴി യഥാര്‍ത്ഥ ആനകളുടെ കാടുകളിലെ ജീവിതത്തിന് പിന്തുണ നല്‍കാനും അവയുടെ അടിമത്തത്തിന്റെ ഭീകരത അവസാനിപ്പിക്കാനും സഹായിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തിലുള്ള സംഘം താളവാദ്യം അവതരിപ്പിച്ചു. ജീവനുള്ള ആനകളെ അത്യധികം ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്നും ഇത്തരം ദുരുപയോഗം തടയുന്നതിനും മൃഗങ്ങളെ മാന്യമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്നതിനുമായി ഞങ്ങള്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ മുന്നേറ്റം നടത്തേണ്ട സമയമാണിതെന്ന് പാര്‍വതി പറയുന്നു. ‘അഹിംസാത്മകവും ആവേശകരവും ആധുനികവുമായ മതപരചടങ്ങുകളുടെ സന്തോഷവും പവിത്രതയും അനുഭവിക്കാന്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആരാധകരെ സഹായിക്കുന്നതില്‍ പെറ്റ ഇന്ത്യയെ പിന്തുണക്കുന്നതില്‍ താന്‍ സന്തുഷ്ടയാണെന്നും പാര്‍വതി പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ക്രൂരതകളില്ലാതെ നടത്താന്‍ സഹായിക്കുന്ന ഈ ആനയെ ലഭിച്ചതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നും മറ്റ് ക്ഷേത്രങ്ങളും ഇത്തരം സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ഷേത്രം മേല്‍ശാന്തി രാജ്കുമാര്‍ നമ്പൂതിരി പറഞ്ഞു.