ഭാഷാവ്യാകരണത്തിലെ രണ്ട് സംജ്ഞകളാണ് ഉപമയും ഉല്‍പ്രേക്ഷയും. ഒന്ന് സാമ്യമാണെങ്കില്‍ മറ്റേത് സാമ്യമായിപോലും വേര്‍തിരിച്ചറിയാനാകാത്തവിധം പരസ്പരം ഇഴുകിച്ചേരുന്നതാണ്. ‘അതുതാനല്ലയോ ഇത്’ എന്ന് സംശയിക്കുന്ന വിധത്തിലുള്ള രണ്ടെണ്ണം. കേരള രാഷ്ട്രീയത്തിലും ഉല്‍പ്രേക്ഷക്ക് ഇപ്പോള്‍ പ്രസക്തി കൈവന്നിരിക്കുന്നു. പാലക്കാട് കഴിഞ്ഞദിവസം നടന്ന ഒരു രാഷ്ട്രീയക്കൊലപാതകമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ മലയാളിയെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തലേന്ന് രാത്രി സി.പി.എം കാലങ്ങളായി വിജയിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കുന്നങ്കാടാണ് സി. പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ അതിദാരുണമാംവിധം വെട്ടിയരിഞ്ഞ് കൊലചെയ്യപ്പെട്ടത്. സംഭവത്തിനുപിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസാണെന്ന് സി.പി.എം ജില്ലാനേതൃത്വം പറയുമ്പോള്‍ അതിനെ പൂര്‍ണമായി വിഴുങ്ങാന്‍ ഷാജഹാന്റെ കുടുംബാംഗങ്ങളോ സി.പി.എം അണികള്‍ മുഴുവനുമോ പാര്‍ട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റോ പോലും തയ്യാറായിട്ടില്ല. ഇവിടെയാണ് സി.പി.എമ്മിനകത്തെ ഗ്രൂപ്പു പോരാണ് ഈ അരുംകൊലക്ക് കാരണമെന്ന വാദത്തിന് ശക്തിയേറുന്നത്. സി.പി.എമ്മിലെ മുസ്‌ലിം വിരോധികളും കടുത്ത വര്‍ഗീയവാദികളുമാണ് സ്വന്തം പാര്‍ട്ടിയുടെ കറകളഞ്ഞ സഖാവിനെ കൊന്നരിയാന്‍ കൂട്ടുനിന്നിരിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഇക്കാര്യം തെളിവുകള്‍ പരോക്ഷമായി ശരിവെക്കുന്നിടത്താണ് സി. പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പൊള്ളവാദങ്ങള്‍ നിലംപിശാകുന്നത്.
സി.പി.എമ്മിന്റെ കൊട്ടേക്കാട് ഈസ്റ്റ്ബ്രാഞ്ച് സെക്രട്ടറിയായി ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് ഷാജഹാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടിയില്‍ പതിവില്ലാത്ത തരത്തില്‍ ഈ മേഖലയിലുണ്ടായ വിഭാഗീയതയാണ് ഇത്തരത്തില്‍ മല്‍സരത്തിന് വഴിവെച്ചത്. ഷാജഹാന് 11ഉം എതിരാളിക്ക് നാലും വോട്ടുകളാണത്രെ ലഭിച്ചത്. ഇതോടെ സഖാവ് ഷാജഹാനോടുള്ള വിരോധം വ്യക്തിയിലേക്കും അയാളുടെ മതത്തിലേക്കുംവരെ എത്തുകയായിരുന്നുവെന്നാണ് കൊലപാകത്തിലേക്ക് നയിക്കപ്പെട്ട നാള്‍വഴികള്‍ വിരല്‍ചൂണ്ടുന്നത്. ആരാണ് കൊലക്കേസിലെ പ്രതികളെന്ന ചോദ്യത്തിന് ജനത്തിന് പൊലീസും സി.പി.എമ്മും നല്‍കുന്ന ഉത്തരം എട്ടു പേരാണെന്നാണ്. ഇവരുടെ പൂര്‍വചരിത്രം ചികയുമ്പോള്‍ സി.പി.എമ്മുമായി അഭേദ്യമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് കാണാം. പല പ്രതികളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങള്‍ സി.പി.എം നേതാക്കളുടെയും മുഖ്യമന്ത്രി പിണറായി വിജയന്റേതുമാണ്. കേസിലെ പ്രതികളായ അനീഷും ശബരീഷും സി.പി.എമ്മുകാരല്ലെന്നാണ് ജില്ലാനേതൃത്വം പറയുന്നതെങ്കില്‍ മറ്റു പ്രതികളുടെ കാര്യത്തില്‍ ഈ സുതാര്യത പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നില്ല. നവീന്‍ എന്ന പ്രതിക്ക് സി.പി.എമ്മുമായി ബന്ധമുണ്ട്. ഇയാള്‍ ഷാജഹാനുമായി വ്യക്തിവിരോധം പുലര്‍ത്തുകയും അയാളെ വധിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചയാളുമാണ്. മുമ്പ് ഇരുവരും ഉറ്റ സുഹൃത്തുക്കളുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പാര്‍ട്ടി സ്ഥാനത്തേക്കുള്ള ഷാജഹാന്റെ വിജയമാണ് കൊലക്ക് കാരണമെന്ന് പറയുന്നത് അയാളുടെ ബന്ധു നസീറും മുന്‍ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണനുമാണ്. എന്നാല്‍ സി.പി.എം ജില്ലാനേതൃത്വം ബി.ജെ.പിയിലേക്ക് മാത്രം കുന്തമുന നീക്കിവെക്കുന്നു. പ്രതികളില്‍ ചിലര്‍ മുമ്പ് തങ്ങളുടെ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.
പാലക്കാട് ജില്ലയില്‍ അടുത്തകാലത്തായി ബി.ജെ.പിയും എസ്.ഡി.പി.ഐയും തമ്മിലുണ്ടായ സംഘട്ടനങ്ങളില്‍ മൂന്നുപേര്‍ കൊലചെയ്യപ്പെട്ടിരുന്നു. ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തുന്നത് മുസ്്‌ലിംകളെയും മറ്റേത് ഹിന്ദുക്കളെയുമാണെന്നത് നോക്കുമ്പോള്‍ ഇതിലെ വര്‍ഗീയത വ്യക്തമാണ്. എന്നാല്‍ പ്രാദേശിക മുസ്്‌ലിം നേതാവ് കൊല്ലപ്പെടുകയും അതില്‍ ബി.ജെ.പി ബന്ധം ആരോപിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിന് പിന്നിലെ മറനീക്കേണ്ട ഉത്തരവാദിത്തം സി.പി.എമ്മിനുണ്ട്. എന്തുകൊണ്ട് നടേപറഞ്ഞ വിധത്തില്‍ സി.പി.എം അണികളെ ബി.ജെ.പിയും സി.പി.എമ്മുമായി തിരിച്ചറിയാതെ വരുന്നു എന്നിടത്താണ് വര്‍ഗീയതയുടെ ഉള്ളടക്കം കിടക്കുന്നത്. മുസ്്‌ലിമിനെ വകവരുത്താനായി ബി.ജെ.പി-ആര്‍.എസ്.എസ് സംഘത്തെ സി.പി.എമ്മിലെ ഷാജഹാന്റെ വിരോധികള്‍ ആയുധമാക്കിയെന്നുവേണം അനുമാനിക്കാന്‍. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കേന്ദ്രങ്ങളില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായാണ് സി.പി.എമ്മും പൊലീസും സമ്മതിക്കുന്നത്.
ഇതാണ് യഥാര്‍ഥത്തില്‍ സി.പി.എം ചെന്നുപതിച്ചിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക അധ:പതനം. നാഴികക്ക് നാല്‍പതുവട്ടം മതേതരത്വവും സാമുദായിക സൗഹാര്‍ദവും പറയുമ്പോള്‍തന്നെയാണ് അണികളും പ്രാദേശിക നേതാക്കളുമുള്‍പ്പെടെ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെടുന്നത്. അതിനൊരു കാരണം അവരുടെ മതമാണെന്ന് വരുന്നത് സി.പി.എം പുനരാലോചനക്ക് വശംവദമാകേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുന്നുവെന്നാണ്. മാധ്യമങ്ങളിലെ വാചാടോപങ്ങള്‍കൊണ്ട് പാര്‍ട്ടിയില്‍ മതേതരത്വം പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്നര്‍ഥം. 33 വര്‍ഷം അടക്കിഭരിച്ച പശ്ചിമബംഗാളില്‍ 2014ല്‍ ഒറ്റയടിക്കാണ് പാര്‍ട്ടിയുടെ ബങ്കുറ ജില്ലാഓഫീസ് ബി.ജെ.പി ഓഫീസായി മാറിയത്. കേരളത്തിലും ഉത്തരം മുട്ടുമ്പോള്‍ മുസ്്‌ലിംലീഗിനെയും മുസ്്‌ലിംകളെയും മഹിതമായ പാണക്കാട് കുടുംബത്തെപോലും വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സി.പി.എം നേതാക്കള്‍ ഇനിയെങ്കിലും അന്യന്റെ കാലിലെ മുടന്ത് നോക്കി നടക്കാതിരിക്കലാണ് അവരുടെതന്നെ ഭാവിക്ക് നല്ലത്. ആരാന്റെ വെള്ളംകോരികളും വിറകുവെട്ടികളുമായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാന്‍ മുസ്‌ലിം സഖാക്കള്‍ക്കും ന്യായമുണ്ട്.