X

നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശിവജിയുടെ പടുകൂറ്റന്‍ പ്രതിമ തകര്‍ന്നുവീണു; ബാക്കിയായത് കാല്‍പാദം മാത്രം- വിഡിയോ

മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ പടുകൂറ്റന്‍ പ്രതിമ തകർന്നടിഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകര്‍ന്നത്. ശരീരഭാഗം മൊത്തം തകര്‍ന്നടിഞ്ഞ പ്രതിമയുടെ കാല്‍പാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തില്‍ ബാക്കിയായത്.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തകര്‍ന്നു വീഴുകയായിരുന്നു. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണോ പ്രതിമ തകരാന്‍ കാരണമെന്ന് പരിശോധിക്കും.

പ്രതിമ തകര്‍ന്നതിനെത്തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താന്‍ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും പ്രതിമ സന്ദര്‍ശിച്ചു. ഇത്രപെട്ടെന്ന് പ്രതിമ തകര്‍ന്നതോടെ കോടികള്‍ ചെലവിട്ട നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. എഞ്ചിനീയര്‍മാരും വിദഗ്ധരുമടങ്ങുന്ന സംഘം പ്രതിമയുടെ ഘടനയും അടിത്തറയും പരിശോധിക്കും. നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം, നിര്‍മ്മാണ രീതി, പാരിസ്ഥിതിക സ്വാധീനം തുടങ്ങിയവ പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കും.

webdesk13: