തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയുടെ കെമിക്കല്‍ ഗോഡൗണിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടാകുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് തീയണക്കാനായത്.
അപകടത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അപകടസമയത്ത് 1,500-ലധികം ജീവനക്കാര്‍ ജോലിസ്ഥലത്തുണ്ടായിരുന്നു. തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
പ്ലാന്റിലെ എമര്‍ജന്‍സി പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.