X

കാഫിര്‍ വിവാദത്തില്‍ വന്‍ ഗൂഢാലോചന; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ്, പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ: വി.ഡി. സതീശന്‍

കാഫിര്‍ വിവാദത്തില്‍ വന്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ വലിയ പിന്തുണയെന്നും അദ്ദേഹം വിമര്‍ശിച്ചു. കാഫിര്‍ വിവാദത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും സംഭവത്തില്‍ നിയമപോരാട്ടം തുടരുമെന്നും വി.ഡി. സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ തെളിവും ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടതിനാലാണ് സത്യം പുറത്ത് വന്നതെന്നും ഇല്ലെങ്കിൽ കാസിമിന്‍റെ തലയിൽ ഇരുന്നേനെയെന്നും അദ്ദേഹം ആരോപിച്ചു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് പോലീസ്. ചോദ്യം ചെയ്തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിലും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ പോലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

അതേസമയം സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതു വരെയായും പോസ്റ്റ് നീക്കിയിട്ടുമില്ല. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്ച ആര്‍എംപിയും യുഡ‍ിഎഫും വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഇതിനു പുറമേ സിപിഎമ്മിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

webdesk13: