X

300ഓളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത കൂട്ടക്കുഴിമാടം, മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍; കീവില്‍ കൂട്ടക്കുരുതി

കീവ്: തലസ്ഥാന നഗരിക്ക് സമീപമുള്ള പ്രധാന നഗരങ്ങളില്‍നിന്ന് റഷ്യന്‍ സേന പിന്മാറിയതിന് പിന്നാലെ കീവ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍. പലയിടത്തും റഷ്യന്‍ സേന കൂട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന തെരുവില്‍നിന്ന് അനേകം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ബുച്ച നഗരത്തില്‍ 300ഓളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി. ചില പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലായിരുന്നു. മേഖലയെ ദുരന്ത ഭൂമിയാക്കി കുഴിബോംബുകള്‍ വിതറിയാണ് റഷ്യന്‍ സേന പിന്മാറിയതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ബുച്ചയിലെ ഒരു തെരുവില്‍ മാത്രമായി 20 പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരെ കൂട്ടക്കുരുതി ചെയ്ത യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് റഷ്യ കനത്ത വില നല്‍കേണ്ടിവരുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് മുന്നറിയിപ്പു നല്‍കി. കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പദ്ധതിയുണ്ട്. ബുച്ചയിലെ കാഴ്ചകള്‍ ഹൃദയഭേദകമാണെന്ന് ബെയര്‍ബോക്ക് പറഞ്ഞു.

കീവിന്റെ മോചനം ഉറപ്പാക്കിയതിന് യൂറോപ്യന്‍ വിദേശകാര്യ മേധാവി ജോസെഫ് ബോറെല്‍ യുക്രെയ്‌നെ അഭിനന്ദിച്ചു. റഷ്യക്കെതിരെ യുദ്ധകുറ്റകൃത്യത്തിന് നിയമ നടപടി സ്വീകരിക്കാന്‍ അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദമിത്രി പെസ്‌കോവ് വ്യക്തമാക്കി. ആധുനിക കാലത്ത് അത്തരം ഒറ്റപ്പെടുത്തലുകള്‍ അസാധ്യമാണ്. ലോകം യൂറോപ്പിനെക്കാള്‍ വലിയതാണ്. അധികം വൈകാതെ ഒരു ചര്‍ച്ചക്ക് വേദിയൊരുക്കേണ്ടിവരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: