ഒ.കെ സമദ്
മലബാറിലെ മാപ്പിളമക്കളുടെ ഒരു കാലത്തെ ആവേശവും നിഷ്‌കളങ്കതയുടെയും നിസ്വാര്‍ത്ഥതയുടേയും പര്യായവുമാണ് ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബെന്ന ‘ഒ.കെ മമ്മുഞ്ഞി തങ്ങള്‍’. കറ പുരളാത്ത വ്യക്തിത്വംകൊണ്ട് മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയത്തിലൂടെ പൊതു സമൂഹത്തിന് തന്റെ ജീവിതത്തിലുടെ സന്ദേശം പകര്‍ന്നു നല്‍കിയ അപൂര്‍വ സൂര്യതേജസ്. രാഷ്ട്രീയ സംഘടനയുടെ ഔന്നിത്യങ്ങളിലെത്തിയിട്ടും നിസ്വാര്‍ഥതയും വിശ്വസ്തതയും മരിക്കുവോളം നെഞ്ചേറ്റി നടന്ന മഹാമാനുഷി. കേള്‍വിയും കേള്‍പ്പോരുമുള്ള ഒട്ടുവളരെ പ്രഗല്‍ഭര്‍ക്ക് ജന്മം നല്‍കിയ ‘ഓവിന്നകത്ത് കമ്മുക്കകത്ത്’ തറവാട്ടില്‍ സൈനുഞ്ഞിയുടേയും സിറ്റി ജുമാഅത്ത് പള്ളി ഖാസിയും അറക്കല്‍ രാജവംശത്തിലെ മതകാര്യ ഉപദേഷ്ടാവുമായ ഹുസ്സന്‍ കുട്ടി ഖാസിയുടെയും മൂത്ത മകനായി 1906 ഏപ്രില്‍ 6 ന് ജന്മം കൊണ്ട മമ്മുഞ്ഞി ചെറുപ്രായത്തിലേ തന്നെ അറിവിന്റെ കാര്യത്തില്‍ അസമാന്യ പ്രതിഭയായിരുന്നു.
പ്രമുഖ ബ്രിട്ടീഷ് വിരുദ്ധ ചേരിയിലെ പ്രമുഖനും തീപ്പൊരി പ്രാസംഗികനും സര്‍വോപരി ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണ്ണിലെ കരടുമായ പരീക്കുട്ടി മുസ്‌ല്യാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി പതിനാലാമത്തെ വയസ്സില്‍ പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് തുടക്കമിട്ട പൊതു പ്രവര്‍ത്തനം. പട്ടിണി കിടന്നും ഇന്നത്തെപ്പോലെ യാത്രാസൗകര്യമില്ലാത്ത അക്കാലത്ത് പരിമിതമായ യാത്രാസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും നടന്നും കാളവണ്ടിയിലും ലോറിയിലുമൊക്കെ സഞ്ചരിച്ച് ഗ്രാമ ഗ്രാമാന്തരങ്ങളില്‍ കീശയില്‍ ഹരിത പതാകയുമിട്ട് പാര്‍ട്ടി വളര്‍ത്താന്‍ മലബാറിലുടനീളം വിശ്രമമില്ലാതെ നടന്നു. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരണത്തിലും അറക്കല്‍ ആദി രാജ അബ്ദുറഹ്മാന്‍ ആലി രാജ സാഹിബിനെ മുസ്‌ലിംലീഗിന്റെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നതിലും പങ്ക് വഹിച്ചു. 1936 ലെ കേന്ദ്ര നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പില്‍ മലബാര്‍ തെക്കന്‍ കര്‍ണാടക നീലഗിരി പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി മല്‍സരിച്ച സത്താര്‍ സേട്ടു സാഹിബിന്റെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകന്‍ ഒ.കെയായിരുന്നു. കണ്ണൂര്‍ സിറ്റി ജുമാഅത്ത് പള്ളിയിലാരംഭിച്ച ദര്‍സ് മലബാറിന്റെ സര്‍ സയ്യിദ് എ.എം കോയക്കുഞ്ഞി സാഹിബിന്റെ (കോയിക്ക) മദ്രസ മഅദിനുല്‍ ഉലും ദീനുല്‍ ഇസ്‌ലാം സഭ കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് തുടങ്ങിയവയുടെ സംസ്ഥാപനത്തിന് തുടക്കമിട്ടതിലും രൂപീകരണത്തിലുമെല്ലാം ഒ.കെയുടെ പങ്കുണ്ടായിരുന്നു. ഒ.കെ.യുടെ സംഘാടക മികവ് എന്നും മികവുറ്റതായിരുന്നു. മലബാറിലുടനീളം മദ്രസ പ്രസ്ഥാനം പരിപോഷിപ്പിക്കുന്നതില്‍ കോയിക്കയുടെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. 1938 മുതല്‍ കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായ ഒ.കെ 1984 (1962 ല്‍ ഒഴികെ)വരെ കൗണ്‍സിലില്‍ ഉണ്ടായിരുന്നു. കുടുംബത്തേക്കാള്‍ പ്രാമുഖ്യം നല്‍കിയത് സംഘടനക്കും പൊതുജന സേവനത്തിനുമായിരുന്നു. സ്വത്തുക്കളെല്ലാം പാര്‍ട്ടിക്ക് വേണ്ടി ചിലവഴിച്ചത് കൂടാതെ കൂടപ്പിറപ്പുകളുടെ സ്വത്തുക്കള്‍ കൂടി പല തവണ വില്‍പന നടത്തി പാര്‍ട്ടിക്ക് വേണ്ടി ചിലവാക്കി.
തന്റെയും കുടുംബത്തിന്റെയും സര്‍വ സമ്പാദ്യവും ശബ്ദവുമെല്ലാം മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംശുദ്ധമായ വളര്‍ച്ചക്കും പരിപോഷണത്തിനുമായി സമര്‍പ്പിച്ച് മുസ്‌ലിം ലീഗിനെ ഇന്നത്തെ നിലയിലെത്തിക്കാന്‍ ഒ.കെയും അക്കാലത്തെ മഹാന്മാരായ മണ്‍മറഞ്ഞുപോയ പല നേതാക്കളും നടത്തിയ ത്വാഗ്യോജ്വലമായതും നിസ്വാര്‍ഥത നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ തലമുറക്ക് പ്രചോദനമാകേണ്ടതാണ്. തങ്ങള്‍ പാരമ്പര്യമില്ലാത്ത ഒ.കെയെ മറ്റൊരു നേതാവിനും നല്‍കാത്ത ‘തങ്ങളെ’ന്ന പദവി നല്‍കി മരണം വരെ മലബാറില്‍ പലയിടങ്ങളിലുള്ളവരും വിളിച്ചാദരിച്ചു. ജീവിതത്തിന്റെ വഴിയില്‍ സ്‌നേഹം വിതറുകയും രാഷ്ട്രീയ രംഗത്ത് വെളിച്ചം പരത്തുകയും ചെയ്ത കര്‍മ്മധീരന്‍ സംഘടനാപ്രവര്‍ത്തകര്‍ക്ക് നല്‍കി വന്നിരുന്ന ഉപദേശങ്ങള്‍ ഒന്ന് മാത്രം: പ്രവര്‍ത്തിക്കുക, നിരന്തരമായി പ്രവര്‍ത്തിക്കുക, നല്ലത് മാത്രം ചെയ്യുക, നിസ്വാര്‍ഥതയും ത്യാഗസന്നദ്ധതയും മുഖമുദ്രയാക്കുക, വിജയം തീര്‍ച്ചയാണ്.