ന്യൂഡല്‍ഹി: ഫെയിസ്ബുക്ക് വഴി പ്രണയത്തിലായ യുവധിയെ കാണാന്‍ അനധികൃതമായി പാകിസ്താന്‍ അതിര്‍ത്തി കടന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് നഗ്ല ഖത്കാരി ഗ്രാമത്തില്‍ താമസിക്കുന്ന 30 കാരനായ ബാദല്‍ ബാബു ആണ് അറസ്റ്റിലായത്. യുവാവിനെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തില്‍ നിന്നാണ് പാകിസ്താനിലെ പഞ്ചാബ് പൊലീസ് പിടികൂടിയത്.
സമൂഹമാധ്യമം വഴി യുവതിയുമായി പ്രണയത്തിലാവുകയായിരുന്നെന്നും അവരെ നേരില്‍ കാണണമെന്ന ആഗ്രഹത്തില്‍ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലില്‍ ബാദല്‍ ബാബു സമ്മതിച്ചതായി പാകിസ്താന്‍ അധികൃതര്‍ പറഞ്ഞു.
യാത്രാരേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 27നാണ് ബാദലിനെ അറസ്റ്റ് ചെയ്തത്. 1946ലെ പാകിസ്താന്‍ ഫോറിനേഴ്‌സ് ആക്ടിന്റെ 13, 14 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2025 ജനുവരി 10ന് വീണ്ടും കോടതിയില്‍ ഹാജരാകണം.
ബാദല്‍ മുമ്പ് രണ്ട് തവണ ഇന്ത്യപാക് അതിര്‍ത്തി കടക്കാന്‍ മൂന്നാമത്തെ ശ്രമത്തിലാണ് പാകിസ്താന്‍ അതിര്‍ത്തി കടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മണ്ടി ബഹാവുദ്ദീനില്‍ എത്തി യുവതിയെ കണ്ടുമുട്ടുകയും ചെയ്തു. ബാദല്‍ ബാബുവിന്റെ പാകിസ്താനിലേക്കുള്ള അനധികൃത പ്രവേശനം പ്രണയ ബന്ധം കൊണ്ടാണോ അതോ അതിര്‍ത്തി കടന്നതിന് മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടോയെന്നാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷിക്കുന്നത്.