ബെയ്ജിങ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതിലിന്റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം കടത്താനായി പൊളിച്ച സ്ത്രീയും പുരുഷനും അറസ്റ്റില്‍. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എളുപ്പഴി ഒരുക്കാന്‍ തകര്‍ത്തത്. മതില്‍ തകര്‍ത്തതിനെക്കുറിച്ച് ആഗസ്റ്റ് 24ന് വിവരം ലഭിച്ചപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതര്‍ പറയുന്നു.
21,196 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വന്‍ മതില്‍ 1987 മുതല്‍ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മതിലിന്റെ പല ഭാഗങ്ങളും തകര്‍ന്നെങ്കിലും ചൈനീസ് ഭരണകൂടം പുതുക്കിപ്പണിയുകയായിരുന്നു. ബി.സി 220 മുതലാണ് വന്‍മതിലിന്റെ നിര്‍മാണം തുടങ്ങിയത്. എ.ഡി 1600ല്‍ മിങ് രാജവംശം നിര്‍മാണം പൂര്‍ത്തിയാക്കുകയും ഏറ്റവും വലിയ സൈനിക നിര്‍മിതിയായി മാറുകയും ചെയ്തു. മതില്‍ സംരക്ഷിക്കാന്‍ ചൈനീസ് ഭരണകൂടം നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രമം തുടര്‍ന്നുവരുന്നു.