X

സഊദിയിൽ വാഹനാപകടം മലയാളി വിദ്യാർത്ഥിനി മരണപ്പെട്ടു

അഷ്‌റഫ് ആളത്ത്

ദമ്മാം: അവധി ദിനം ആഘോഷിക്കാൻ അൽ ഹസയിലേക്ക് പുറപ്പെട്ട പ്രവാസി കുടുംബത്തിൻറെ വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണപ്പെട്ടു.
കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീർ -റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാൻ (8) ആണ് മരിച്ചത്.

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഐറിൻ ജാൻ.വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. ജംഷീറിൻറ കുടുംബം ദമ്മാമിൽനിന്നു സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങൾക്കൊപ്പം അൽഅഹ്സ്സയിലേക്ക് പോകുന്നതിനിടെയാണ് അപകടം, വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം.

മൂന്നു വാഹനങ്ങളിലായിരുന്നു യാത്ര. അൽ അഹ്‌സ ഉംറാനിൽ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയുള്ള യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച മഞ്ഞത്തടാകം കാണാനാണ് ഇവർ എത്തിയത്. അൽ ഉഖൈർ എന്ന സ്ഥലത്ത് വെച്ച് കുടുംബം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മറിയുകയായിരുന്നു.

ഈ വാഹനത്തെ കാണാത്തതിനെ തുടർന്ന് മുന്നിൽ പോയ മറ്റ് വാഹനങ്ങൾ തിരികെ വരികയായിരുന്നു. അപ്പോഴാണ് ലാൻഡ്ക്രൂയിസർ മരുഭൂമിയിൽ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിൻ ജാൻറെ
ജീവൻ രക്ഷിക്കാനായില്ല.വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ദമ്മാമിലെ ദാഇം എക്യുപ്‌മെൻ്റ് റെൻ്റൽ കമ്പനിയിൽ ഡയറക്‌ടറായ ജംഷീറിൻറെ മൂത്തമകളും ദമ്മാം ഇന്ത്യൻ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമായ എമിൻ ജാനും ഇതേ വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു.അൽ അഹ്സ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെഎംസിസി അറിയിച്ചു

webdesk13: