കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഹിറ്റാച്ചി ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി ലോറിയുമായി എത്തിയതായിരുന്നു അഹമ്മദ് നൂര്‍. ഇതിനിടെ ഇയാള്‍ ലോറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ഹിറ്റാച്ചി പിന്നിലേക്ക് നീക്കിയതോടെ ഹിറ്റാച്ചിക്കും ലോറിക്കുമിടെയില്‍പ്പെട്ട് അപകടമുണ്ടാവുകയായിരുന്നു. അഹമ്മദ് നൂര്‍ സംഭവ സ്ഥലത്തു വെച്ചുത്തന്നെ മരിച്ചതായാണ് വിവരം. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം നല്‍കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.
അപകടം നടന്ന സാഹചര്യത്തില്‍ സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് അഹമ്മദിന്റെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.