X

സമരതീക്ഷ്ണമായ ജീവിതം,ജയിലില്‍ അവശനായി പിണറായി; സഹതടവുകാരന്‍ കോടിയേരി

തിരുവനന്തപുരം: 69-ാം വയസില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവ് വിടപറയുമ്പോള്‍ കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് നഷ്ടമായത് കേവലമൊരു ലീഡറെയല്ല. കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍ നിന്ന് പോരാട്ടവീര്യം ആര്‍ജ്ജിച്ചും പകര്‍ന്നുനല്‍കിയും ഉയര്‍ന്നുവന്ന സമരതീക്ഷ്ണമായ ഓര്‍മ്മകള്‍ കൂടിയാണ്. 14 വയസുമുതല്‍ വിയോഗത്തിന് ഏതാനും ദിവസം മുന്‍പുവരെയും സജീവമായി പൊതുരംഗത്തുണ്ടായിരുന്ന ഉന്നതനായ നേതാവിന്റെ രാഷ്ട്രീയ നാള്‍വഴികള്‍ ഏവരെയും അത്ഭുതപ്പെടുത്തും.

എസ്.എഫ്.ഐ നേതൃത്വത്തിലിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരനായിരുന്നു കോടിയേരി. അക്കാലയളവില്‍ പിണറായി വിജയനും ജയിലുണ്ടായിരുന്നു. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ ജയിലില്‍ നിയോഗിക്കപ്പെട്ടത് കോടിയേരിയെ ആയിരുന്നു. തലശ്ശേരി മേഖലയിലെ യുവനേതാക്കളായ ഇരുവരും തമ്മിലെ ആത്മബന്ധം ശക്തിപ്പെട്ടു. അതോടെ സഹതടവുകാരന്‍ പ്രിയ സഖാവായി മാറി. പിന്നീട് ഇരുവരും ചേര്‍ന്ന് നയിച്ചത് ഒരു നീണ്ട കാലഘട്ടത്തെയായിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ സമരങ്ങളുടെ മുന്നണയില്‍ നിന്ന നേതാവായാണ് കോടിയേരി അറിയപ്പെടുന്നത്. പടിപടിയായി ആയിരുന്നു കോടിയേരിയുടെ വളര്‍ച്ച. പതിനാറാം വയസില്‍ സി.പി.എം അംഗത്വം നേടിയ അദ്ദേഹം എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. 1970ല്‍ എസ്.എഫ്.ഐയുടെ രൂപീകരണ സമ്മേളനത്തിന്റെ ഭാഗമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്തോടെ തലസ്ഥാനമായി പ്രവര്‍ത്തനകേന്ദ്രം. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. അതേവര്‍ഷം കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായി. 20 വയസായിരുന്നു അന്ന് പ്രായം.

Test User: