X

ഡോക്ടര്‍ പഠിപ്പിച്ച പാഠം

പി.ഇസ്മായില്‍ വയനാട്

രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര ശസ്ത്രക്രിയക്കായി മൂന്ന് കിലോമീറ്റര്‍ ദൂരം ബാംഗ്ലൂര്‍ നഗര വീഥിയിലൂടെ ഓടിയ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ഗോവിന്ദ് നന്ദകുമാറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സര്‍ജാര്‍പുര മണിപ്പാല്‍ ആശുപത്രിയിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോള്‍ ഡോക്ടറുടെ കാര്‍ ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു. സാധാരണഗതിയില്‍ അവിടെ നിന്ന് ആശുപത്രിയിലെത്താന്‍ പത്ത് മിനുട്ട് മതിയാവും. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ 45 മിനുട്ട് വേണ്ടി വരുമെന്ന് മനസിലായതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ ഏല്‍പിച്ച് ട്രാഫിക് ബ്ലോക്കിനെ മറികടക്കാന്‍ ഡോക്ടര്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

വെള്ള കുപ്പായമിട്ട ഡോക്ടര്‍മാരെ ദൈവ ദൂതന്‍മാരായാണ് സമൂഹം കാണുന്നത്. മരുന്നിനോടൊപ്പം ഡോക്ടര്‍മാരുടെ പുഞ്ചിരിയും തലോടലും സ്‌നേഹ ഭാഷണവുംകൂടി ചേരുമ്പോഴാണ് രോഗികള്‍ എളുപ്പം സുഖം പ്രാപിക്കാറ്. ഡോക്ടര്‍മാരുടെ ചെയ്തികളുടെ പേരില്‍ അനവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുന്ന വാര്‍ത്തകളും കേള്‍ക്കാറുണ്ട്. ന്യൂയോര്‍ക്കിലെ ഒക്ലഹോമ ടല്‍വിയ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ നടന്ന കൂട്ടക്കൊല ലോകത്തെ ഞെട്ടിച്ച സംഭവമാണ്. ചികിത്സാനിഷേധത്തില്‍ പ്രകോപിതനായ രോഗി നാലു പേരെയാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വെടിവെച്ചു കൊന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും വിട്ടുമാറാത്ത വേദന അനുഭവപ്പെട്ടപ്പോള്‍ ഡോകടര്‍മാരുടെ അപ്പോയിന്‍മെന്റിനു ലൂയിസ് പല കുറി അനുമതി തേടിയിരുന്നു. തുടര്‍ ചികിത്സക്കായി അനുമതി ഡോക്ടര്‍മാരും ആശുപത്രി അധികൃതരും നിഷേധിച്ചതില്‍ രോഷം പൂണ്ടാണ് ലൂയിസ് കൂട്ടകൊലക്കൊപ്പം സ്വയം വെടിയുതിര്‍ത്ത് മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്.

കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ആഘോഷങ്ങളില്‍ സാന്നിധ്യം അറിയിക്കാന്‍ പോലും കഴിയാതെ ജോലി ചെയ്യുന്നവരാണ് ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും. രോഗിയോട് കൃത്യമായി ഉറങ്ങണമെന്നും നേരത്തിനു ഭക്ഷണം കഴിക്കണമെന്നും വ്യായാമം ശീലിക്കണമെന്നും പറയാറുള്ള ഡോക്ടര്‍മാരില്‍ പലര്‍ക്കും ഇത് സ്വന്തം ജീവിതത്തില്‍ പാലിക്കാനേ കഴിയാറില്ല. ഇത്രത്തോളം സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണബോധവും പ്രകടിപ്പിക്കുന്നവര്‍ക്കിടയില്‍ മാനവികതയോട് മുഖം തിരിച്ചുനില്‍ക്കുന്ന ഭിഷ്വഗരന്‍മാരുടെ സമീപനം ആഴത്തില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ആരോഗ്യ മേഖലയിലെ മാനവ വിഭവശേഷിക്കുറവും കടുത്ത മാനസിക സമ്മര്‍ദ്ദവും ആവശ്യത്തിന് വിശ്രമം കിട്ടാതെയുള്ള അധിക ജോലിയും രോഗിവര്‍ധനയും വൈദ്യമേഖലയിലെ പ്രധാന വെല്ലുവിളിയാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബി.എം.ജെ ഓപ്പണ്‍ നടത്തിയ പഠനത്തില്‍ അമേരിക്ക, നോര്‍വെ, സ്വീഡന്‍ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ എടുക്കുന്ന സമയം 20 മിനുട്ടാണ്. നമ്മുടെ നാട്ടില്‍ അത് 5 മിനുട്ടില്‍ താഴെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ചികിത്സാസംവിധാനങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതിന്റെയും പേരില്‍ പലരും അമിതഭാരം പേറേണ്ടിവരുന്നതും ശമ്പള വര്‍ധനക്കും ആനുകൂല്യങ്ങള്‍ക്കുമായി മുഷ്ടി ചുരുട്ടേണ്ടിവരുന്നതും ആത്മാര്‍ഥമായി ജോലി ചെയ്യുന്നതില്‍നിന്ന് ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. സര്‍ക്കാര്‍ കോളജില്‍ പഠിക്കുമ്പോള്‍ സാധാരാണക്കാരന്റെ ശരീരത്തോട് കാട്ടുന്ന ഇഷ്ടം സ്‌റ്റെതസ്‌കോപ്പ് കയ്യില്‍ കിട്ടുന്നതോടെ വരേണ്യ വര്‍ഗത്തില്‍പെട്ടവരുടെ ചര്‍മത്തോടായി ചുരുങ്ങുന്നതിലെ ലാഭക്കൊതിയും പ്രധാന പ്രശ്‌നമാണ്. ഗ്രാമ തലങ്ങളില്‍ പോലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുള്ളപ്പോള്‍ തന്നെയാണ് ചികിത്സാനിഷേധവും മരണവും ആവര്‍ത്തിക്കുന്നത്. ആശുപത്രി അധികൃതരുടെ നിരുത്തരവാദിത്വത്തിന്റെയും സാമ്പത്തിക താല്‍പര്യത്തിന്റെയും പേരില്‍ ഇരകളാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഒട്ടും ആശാവഹമല്ല. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ എന്‍.എം.സി പുറത്തിറക്കിയ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ കരട് റെഗുലേഷന്‍സില്‍ നീതി, സത്യസന്ധ്യത, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങളെ കുറിചാണ് പ്രതിപാദ്യം. മറ്റുള്ളവരുടെ ജീവന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലാണെന്ന തോന്നലുകള്‍ സൃഷ്ടിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ക്ക് സാധിക്കണം. ജീവനു വേണ്ടി യാചിക്കുന്ന ആരെയും അവഗണിക്കാന്‍ പാടില്ലെന്നുമുള്ള മൂല്യബോധം പുണരാന്‍ വൈദ്യ ലോകത്തുള്ളവര്‍ തയ്യാറായാല്‍ എല്ലാ ഭിഷ്വഗരന്‍മാരും നന്ദകുമാറിനെ പോലെ ജീവരക്ഷരായി മാറും.

Test User: