X

കഅ്ബ കണ്ട നിർവൃതിയിൽ കെഎംസിസി കൊണ്ടുവന്ന നൂറ് തീർത്ഥാടകരും മടങ്ങി

അഷ്‌റഫ് ആളത്ത്

ദമ്മാം: കഅ്ബകണ്ട ആനന്ദ ലബ്ധിയിൽ അവരുടെ കൺതടങ്ങളിൽ അശ്രുകണങ്ങൾ തിടം വെച്ചു.സംസം പാർന്ന് വിശുദ്ധമാക്കിയ മുഖകമലങ്ങൾ കറുത്ത കില്ലയെ വാരിപ്പുണർന്നു.മദീനയിൽ തിരുനബിയുടെ റൗളയിൽ സുജൂദ് കൊണ്ട് സ്വർഗ്ഗം തിരഞ്ഞു. മടക്കയാത്രയുടെ മണിമുഴങ്ങിയപ്പോൾ വിടപറയാനാവാതെ അവർ മിനാരങ്ങൾക്ക് ചോട്ടിൽ വിങ്ങിപ്പൊട്ടി.

ഒടുവിൽ ഇനിയുമൊരു സമാഗമത്തിനായ് കൊതിച്ചുകൊണ്ട് പ്രണയംപിരിഞ്ഞ പക്ഷിയെപോലെ തിരുഗേഹങ്ങളുടെ മുറ്റത്ത് നിന്നവർ തിരിഞ്ഞു നടന്നു.
കെഎംസിസിയുടെ കാരുണ്യചിറകിലേറി ഉംറ നിർവ്വഹിക്കാനെത്തിയ നൂറ് പേരും പുണ്യംചെയ്ത നിർവൃതിയിൽ നാട്ടിലേക്ക് മടങ്ങി. മദീനയിൽ നിന്ന് ബുറൈദ,റിയാദ് വഴി വെള്ളിയാഴ്ച ദമ്മാമിലെത്തിയ തീർത്ഥാടകസംഘം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കോഴിക്കോട്ടേക്ക് പറന്നത്.

ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന സഊദി കെഎംസിസി കിഴക്കൻ പ്രവിശ്യ സമിതിയാണ് മുഴുവൻ ചിലവുകളും വഹിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമായ നൂറ് തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാം കിഴക്കൻ പ്രവിശ്യ കെഎംസിസി വിഭാവനംചെയ്ത ‘ഇഹ്ത്തിഫാൽ 2023’-ൻറെ ഭാഗമായിരുന്നു നിർധനരായ ലീഗ് പ്രവർത്തകർക്കുള്ള ഉംറ പദ്ധതി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ മുഖേന ശുപാർശ ചെയ്ത നിസ്വാർത്ഥരായ സാമൂഹിക പ്രവർത്തകർ ,വിധവകൾ തുടങ്ങി തീർത്ഥാടനത്തിന് സാമ്പത്തികംമാത്രം തടസ്സമായവരുടെ സാഫല്യ പൂർത്തീകരണമായിരുന്നു കെഎംസിസിയുടെ ലക്ഷ്യം. നാല്പതോളം സ്ത്രീകൾ ഉൾപ്പടെ നൂറ് തീർത്ഥാടകരെയാണ് തീർത്തും സൗജനയമായി പത്തുദിവസംമുമ്പ് കെഎംസിസി മക്കയിലെത്തിച്ചത്.

മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകി. ഒരുകോടി രൂപയോളം ചിലവ് വകയിരുത്തിയ ഈ പദ്ധതി യിലേക്കുള്ള ഫണ്ട് കെഎംസിസിയുടെ ജില്ല,മണ്ഡലം,സെൻട്രൽ,യൂണിറ്റ് കമ്മിറ്റികൾ മുഖേനയാണ് കേന്ദ്രസമിതി സമാഹരിച്ചത്.

ഫ്‌ളൈ സെഡ് ട്രവൽസ് മുഖേന അബു ജിർഫാസ് മൗലവി യായിരുന്നു ചീഫ് അമീർ.
ജിദ്ദ,മക്ക,മദീന,ബുറൈദ,റിയാദ് എന്നിവിടങ്ങളിലെ കെഎംസിസി പ്രവർത്തകർ ഊഷ്മള വരവേല്പാണ് തീർത്ഥാടകകർക്ക് നൽകിയത്. സമാപനസന്ദർശനവേദിയായ ദമ്മാമിലും പ്രവിശ്യ കെഎംസിസി ബഹുജന യാത്രയയപ്പ് സംഗമം ഒരുക്കിയിരുന്നു.

ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുൽ മജീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‍മാൻ കല്ലായി ഉത്ഘാടനം ചെയ്തു.
നാഷണൽ സെക്രട്ടറി ഖാദർ ചെങ്കള,ഹമീദ് വടകര,റഹ്മാൻ കാര്യാട്,സലാം ആലപ്പുഴ സംസാരിച്ചു.ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല സ്വാഗതവും ട്രഷറർ അഷ്‌റഫ് ഗസാൽ നന്ദിയും പറഞ്ഞു. ബഷീർ ബാഖവി ഖിറാഅത്ത് നടത്തി.

webdesk13: