ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങളെ കോൺഗ്രസ് പ്രവർത്തകർ പാറ പോലെ ഉറച്ചുനിന്ന് നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും കരുതിയിരിക്കാൻ ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഓർമിപ്പിച്ച രാഹുൽ ഈ വിഭാഗങ്ങൾക്ക് ജാതി സെൻസസിലൂടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുകയെന്നത് കോൺഗ്രസിന്റെ ദൗത്യമാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനക്ക് 75 വർഷം പൂർത്തിയായ വേളയിൽ ഡോ. ബി.ആർ അംബേദ്കറിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മഹുവിൽ സംഘടിപ്പിച്ച ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. അംബേദ്കറിന്റ മണ്ണിൽ ലക്ഷത്തോളം പേരെ അണിനിരത്തിയ കോൺഗ്രസ് റാലി വൻ തോതിലുള്ള ആദിവാസി, ദലിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഗാന്ധിയുടെയും അബേദ്കറിന്റെയും ഭരണഘടനയും ആർ.എസ്.എസ്-ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ദലിതുകളെയും ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും അടിമകളാക്കാനുള്ള അജണ്ടയാണ് ആർ.എസ്.എസിനും ബി.ജെ.പിക്കുമെന്നും ഓരോ ജാതിക്കും അധികാരത്തിലുള്ള വിഹിതം എത്രയെന്ന് പുറത്തുകൊണ്ടുവരുന്ന ജാതി സെൻസസ് രാജ്യത്ത് വിപ്ലവമുണ്ടാക്കുമെന്നും രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദിക്കും അമിത് ഷാക്കും ആർ.എസ്.എസിനും ബി.ജെ.പിക്കുമൊന്നും സ്വാതന്ത്ര്യം എന്താണെന്നറിയില്ല. അംബേദ്കറിന്റെ വിയർപ്പിന്റെ വിലയാണ് ഇന്ത്യൻ ഭരണഘടന.
രാമക്ഷേത്ര ഉദ്ഘാടനത്തിന് ആദിവാസി രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തത് അവരുടെ മനഃസ്ഥിതിയുടെ ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടി. അതുപോലെ പാർലമെന്റ് ഉദ്ഘാടനത്തിനും ആദിവാസി രാഷ്ട്രപതി വരരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. താൻ ഒ.ബി.സിക്കാരനാണെന്ന് പറയുന്ന നരേന്ദ്ര മോദിക്ക് രാജ്യത്ത് എത്ര ഒ.ബി.സിക്കാർ ഉണ്ടെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.