റസാഖ് ഒരുമനയൂര്‍
അബുദാബി: ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിളിംഗ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടു അബുദാബിയില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അബുദാബി മൊബൈലിറ്റി എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരണം പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി മാറിയിരിക്കുകയാണ്. പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.
വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ശേഖരണ സംവിധാനത്തില്‍ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പോയിന്റുകളാണ് സൗജന്യ യാത്രക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പണത്തിന്റെ മൂല്യമായി മാറുന്നത്. പ്രധാനമായും ബസ് യാത്രക്കാണ് പോയിന്റുകള്‍ ഉപകരിക്കുന്നത്. ബോട്ടില്‍ ശേഖരം വന്‍വിജയമായിമാറിയതോടെ അല്‍ഐനിലും അല്‍ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണി റ്റുകള്‍ കൂടി സ്ഥാപിച്ചുകഴിഞ്ഞു.
യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകളും (ആര്‍വി എം) നിര്‍മ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബി പരിസ്ഥിതി ഏജന്‍സിയുമായും സൈക്കിള്‍ഡ് ടെക്‌നോളജീസുമായും സഹകരിച്ചാണ് ബോട്ടില്‍ ശേഖരവും പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈക്കിളിംഗ് ഉപകരണ ങ്ങളിലേക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനും നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്റു കള്‍ നേടാനും കഴിയും.
ഓരോ കുപ്പിയുയും ഉപകരണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്റുകള്‍ ഡിജിറ്റല്‍ സംവിധാ നത്തിലൂടെ ഹാഫിലാറ്റ് കാര്‍ഡ് ക്രെഡിറ്റിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഈ പോയിന്റുകള്‍ പിന്നീട് ഹാഫിലാത്ത് വ്യക്തിഗത കാര്‍ഡില്‍ ക്രെഡിറ്റായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് പൊതു ബസുകളിലെ ഓട്ടോമാറ്റിക്ക് പേയ്മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ബസ് നിരക്കുകള്‍ അടയ്ക്കാന്‍ കഴിയുന്നവിധമായി മാറുകയാണ് ചെയ്യുന്നത്. 600 മില്ലിയോ അതില്‍ കുറവോ ഉള്ള ഓരോ ചെറിയ കുപ്പിയും ഒരു പോയിന്റിന് തുല്യമാണ്.
അതേസമയം 600 മില്ലിയില്‍ കൂടുതലുള്ള വലിയ കുപ്പി രണ്ടു പോയിന്റിന് തുല്യമാണ്. ഓരോ പോയിന്റും 10 ഫില്‍സിന് തുല്യമാണ്, 10 പോയിന്റുകള്‍ ഒരു ദിര്‍ഹമിനും തുല്യമാണ്. ഓരോ കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ചു പൂര്‍ണ്ണ വിശദീകരണ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വലിച്ചെറിയുന്ന കുപ്പികള്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനമായി മാറ്റുന്നതിനുപുറമെ ഉത്തരവാദിത്തമുള്ള ദൗത്യത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഒപ്പം പ്രകൃതി സ്‌നേഹത്തിന്റെയും സുസ്ഥിരതയുടെയും ഒരു മഹത്തായ സംസ്‌കാരം പ്രചരിപ്പിക്കുക കൂടിയാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ വലിയ കെട്ടുകളാക്കിയാണ് ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കാനെത്തുന്നത്. ഇവര്‍ ഇതിലൂടെ ബസ് യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കിമാറ്റുകയാണ്.