ചടയമംഗലം: പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണ വീട്ടമ്മ ശരീരത്തിലൂടെ ലോറി കയറി ദാരുണമായി മരിച്ചു. ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്. എം.സി റോഡില്‍ നിലമേല്‍ മുരുക്കുമണ്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.
എം.സി റോഡില്‍ മുരുക്കുമണ്ണില്‍ പ്രഭാതസവാരിക്കിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ ഷൈല ബീവിയുടെ ദേഹത്ത് കൂടി എതിര്‍ദിശയില്‍ വന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ത്താതെപോയ ലോറിക്കായി അന്വേഷണം ആരംഭിച്ചു.
ഷൈലയുടെ മകന്റെ വീടാണ് മുരുക്കുമണ്ണില്‍. ഒരു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമായത്.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശേഷം ഖബറടക്കി. ഭര്‍ത്താവ്: ഇസ്ഹാഖ്‌റാവുത്തര്‍. മക്കള്‍: സിയാദ്, അന്‍ഷാദ്, അന്‍സാര്‍. മരുമകള്‍: നസീഹ.