X

പ്രതീക്ഷ നല്‍കുന്ന രാഹുല്‍ യാത്ര-എഡിറ്റോറിയല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങള്‍ക്ക് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3500 കിലോമീറ്റര്‍ ദൂരമാണ് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകുക. ഇപ്പോള്‍ കേരളത്തില്‍ പര്യടനം നടത്തുന്ന യാത്ര നാള്‍ക്കുനാള്‍ ജനപ്രിയമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഞായറാഴ്ചയാണ് യാത്ര കേരളത്തിലെത്തിയത്. 450 കിലോമീറ്റര്‍ സഞ്ചരിച്ച് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷം 29ന് ഗൂഡല്ലൂര്‍ വഴി കര്‍ണാടകയില്‍ പ്രവേശിക്കും. സെപ്തംബര്‍ ഏഴിന് ആരംഭിച്ച യാത്ര 150 ദിവസത്തെ പര്യടനത്തിനു ശേഷം അടുത്ത വര്‍ഷം ജനുവരി 30 നാണ് സമാപിക്കുക. സംഘ്പരിവാര ഫാസിസ രാഷ്ട്രീയത്തില്‍ പൊറുതിമുട്ടി കഴിയുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് യാത്ര കാലെടുത്തുവെച്ചത്. ഇതുവരെ നടന്ന നേരത്തത്രയും അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് ഓരോ പ്രദേശത്തെയും ഏറ്റവും താഴേക്കിടയിലുള്ള ആളുകളുമായാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന ഗാന്ധിയുടെ അധ്യാപനം ശിരസ്സാവഹിച്ചുകൊണ്ടുള്ള യാത്രക്ക് രാജ്യത്തിന്റെ സാഹോദര്യ സൗന്ദര്യം വീണ്ടെടുക്കാന്‍ കഴിയുമെന്നുറപ്പാണ്.

നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ സമീപകാലത്തുണ്ടായതുപോലെ ഹീനമായ ആക്രമണം മുമ്പൊരിക്കലും നേരിട്ടിട്ടില്ല. വിദ്വേഷവും വിഭജനവും ബഹിഷ്‌കരണവും ഇത്രയധികം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സമ്പദ്‌വ്യവസ്ഥ ഇത്രയധികം തകര്‍ച്ച നേരിട്ട ഒരവസ്ഥ ഇതിനു മുമ്പെങ്ങും കാണാനായിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുകയും കോര്‍പറേറ്റുകളെ സഹായിക്കുകയും ചെയ്യുന്ന ഭരണകൂടം രാജ്യ ചരിത്രത്തില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. കര്‍ഷകരും തൊഴിലാളികളും ദലിതരും ആദിവാസികളുമടങ്ങുന്ന അടിസ്ഥാന വര്‍ഗം ഇത്രയധികം അവഗണന നേരിട്ട സമയം ഇതിനുമുമ്പെങ്ങും കാണാനാവില്ല. മതന്യൂനപക്ഷങ്ങളെ ഇത്രയധികം വേട്ടയാടിയ നാളുകള്‍ ഇതിനു മുമ്പ് നാം കണ്ടിട്ടില്ല. ഇങ്ങനെ രാജ്യത്തെ നശിപ്പിക്കാന്‍മാത്രം തുനിഞ്ഞിറങ്ങിയ ഫാസിസ്റ്റ് ശക്തികള്‍ വാഴുന്ന അവസരത്തിലാണ് ഇന്ത്യയെ വീണ്ടെടുക്കാന്‍ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്‍ നടന്നുനീങ്ങുന്നത്.

നിര്‍ഭയമായി ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍നിന്ന മഹാത്മാഗാന്ധിയുടെ ഭാവമുണ്ട് രാഹുല്‍ ഗാന്ധിക്ക്. 1917ല്‍ നാല്‍പത്തി ഏഴാം വയസ്സില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതൃത്വത്തിലേക്ക് വന്ന ഗാന്ധിജിക്ക് കൈമുതലായി ഉണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യവും ആ സാമ്രാജ്യത്തിന്റെ പണം പറ്റുന്ന ഹിന്ദുത്വ പിണിയാളുകളും ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയായി മുന്നില്‍നില്‍ക്കുമ്പോഴാണ് ഗാന്ധിജി സമരമാരംഭിച്ചത്. സത്യത്തിലും നീതിയിലുമുള്ള അചഞ്ചലമായ വിശ്വാസം മാത്രമാണ് ഗാന്ധിജിക്ക് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനായത്. സമാന സാഹചര്യമാണ് രാജ്യത്തുള്ളത്. അന്ന് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി രാജ്യത്തെ തകര്‍ക്കാന്‍ പണിയെടുത്ത സവര്‍ക്കറും കൂട്ടരും പുനര്‍ജനിച്ചിരിക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം തന്നെയാണ് നൂറു വര്‍ഷത്തിനിപ്പുറം വീണ്ടും പ്രയോഗിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് ഊര്‍ജം നഷ്ടപ്പെടുത്തരുത്, നിങ്ങള്‍ ആഭ്യന്തര ശത്രുക്കള്‍ക്കെതിരെ പൊരുതുക എന്ന് ആഹ്വാനം ചെയ്തവരുടെ അനുയായികള്‍ ഇന്നും അതേ ആഹ്വാനം നടത്തുന്നു. നുണയും വെറുപ്പും പ്രചരിപ്പിക്കുന്നതും ആളുകളെ കൊല്ലുന്നതും മാത്രമാണ് അവരുടെ ദൗത്യം.

പണവും അധികാരവും ആള്‍ബലവും ഗുണ്ടായിസവും ആസൂത്രകരും മാധ്യമങ്ങളും എല്ലാം മറുഭാഗത്താണ്. സത്യവും ആത്മവിശ്വാസവും മാത്രമാണ് രാഹുല്‍ ഗാന്ധിയോടൊപ്പമുള്ളത്. ബഹുസ്വര ഇന്ത്യയെ നിലനിര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ശ്രമങ്ങളെ പിന്തുണക്കേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വസിക്കുമുണ്ട്. ശുഭപ്രതീക്ഷയാണ് വിജയത്തിന്റെ ആദ്യപടി. അന്നത്തെ ലോക ശക്തിയായ ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാന്‍ പൂര്‍വികര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോര്‍പറേറ്റ് ഹിന്ദുത്വയെ മുട്ടുകുത്തിക്കാന്‍ നമുക്കും കഴിയും.

ഓരോരുത്തരെയും കണ്ട് എല്ലാവരുടെയും സങ്കടങ്ങള്‍ കേട്ട്, രാജ്യം മാറേണ്ട ആവശ്യകത ബോധ്യപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തുന്ന സഞ്ചാരം ഇന്ത്യയുടെ രാഷ്ട്രീയ മാറ്റങ്ങളുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയം രാജ്യം അതിജീവിക്കുക തന്നെ ചെയ്യും. രാജ്യത്തിന്റെ ശ്വാസം സാഹോദര്യമാണ്. വര്‍ഗീയതയോട് സന്ധിചെയ്യാത്ത, സംഘ്പരിവാരങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രക്ക് ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ കഴിയും. ഈ യാത്ര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ജനകീയ സമരമായി പരിണമിക്കണം. ഗാന്ധിയുടെയും പട്ടേലിന്റെയും മൗലാന ആസാദിന്റെയും നെഹ്‌റുവിന്റെയും സുഭാഷ്ചന്ദ്ര ബോസിന്റെയും അംബേദ്കറുടെയും ഇന്ത്യയെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ പരമപ്രധാനമായ ആവശ്യമാണ്. അവര്‍ സ്വപ്‌നം കണ്ട ബഹുസ്വര ഇന്ത്യക്കായി രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ.

Test User: