X

25000 കി.മീ റോഡ് മാർഗം ലണ്ടനിൽ നിന്ന് കോട്ടക്കലിലേക്ക് അഞ്ചംഗ സംഘം യാത്ര തിരിച്ചു

ലണ്ടനിൽ നിന്നും മലപ്പുറത്തേക്കൊരു സാഹസിക യാത്ര നടത്താൻ പരിപാടിയുണ്ടെന്നു യു.കെ യിൽ നിന്നും നാട്ടുകാരനും സഹപ്രവർത്തകനുമായ മൊയ്തീൻ അറിയിച്ചപ്പോൾ അൽഭുതവും സന്തോഷവും കൗതുകവും തോന്നി. ഗൾഫിലുള്ള സുഹൃത്തുക്കൾ അടക്കം അഞ്ചംഗ സംഘം പെപ്തമ്പർ 17 – ന് ലണ്ടനിൽ നിന്നും പടിഞ്ഞാറൻ – കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ താണ്ടി തുർക്കി, ഇറാൻ , പാക്കിസ്ഥാൻ വഴി വാഗ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിക്കാനാണ് പദ്ധതി.

ഇന്ത്യയിൽ തന്നെ കാശ്മീർ , ഡെൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ കേരളത്തിലെത്താനാണ് ഉദ്ദേശം. ശരിക്കും വിസ്മയകരവും സാഹസികവുമായ യാത്രയിലൂടെ വിവിധ രാജ്യ – സംസകാരങ്ങൾ അനുഭവിച്ചു അവസാനം നമ്മുടെ ‘ ഇന്ത്യ’ യിൽ തികച്ചും ഒരു ദേശീയോദ്ഗ്രഥന സഞ്ചാരം. അതും ലണ്ടനിൽ നിന്നും തുടങ്ങി കോട്ടക്കൽ അവസാനിക്കുന്ന ഈ യാത്രയെ ഒന്നു പരിചയപ്പെടുന്നത് നന്നായിരിക്കും.

ടെറൻ ഡ്രൈവ് ലണ്ടൻ ടു കേരള ( Terrain Drive London to Kerala) എന്ന പേരിൽ സാമുഹ്യ മാധ്യമങ്ങളിൽ ഈ യാത്രയുടെ വിവരങ്ങളുണ്ട് . മൊയ്തീൻ കോട്ടക്കലിനെ കൂടാതെ സുബൈർ കാടാമ്പുഴ , മുസ്തഫ കരേക്കാട്, ഹുസൈൻ കുറ്റിപ്പാല, ഷാഫി കുറ്റിപ്പാല എന്നീ സുഹൃത്തുക്കളാണ് ഈ വേറിട്ട സാഹസിക യാത്രയിലെ അംഗങ്ങൾ . അത്യാവശ്യം ഭക്ഷണങ്ങൾ പാകം ചെയ്യാനും , ബയോ ടോയ്ലറ്റ് അടക്കം ടെന്റുകളും സംഘം മെഴ്സിഡസ് വി ക്ലാസ് കാറിൽ കരുതിയിട്ടുണ്ട്.

13 രാജ്യങ്ങൾ താണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സന്ദർശിച്ചു 25000 കിലോമീറ്ററുകൾ സഞ്ചരിച്ചു രണ്ടു മാസങ്ങൾക്കു ശേഷം കോട്ടക്കൽ ആര്യ വൈദ്യശാലയിലെ കൈലാസ മന്ദിരത്തിൽ യാത്ര അവസാനിപ്പിക്കാനാണ് പരിപാടി. ദുർഘടമായ വഴിയിലൂടെയുള്ള യാത്ര പ്രയാസം കൂടാതെ ഭംഗിയായി പര്യവസാനിക്കാൻ നമുക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരാം …..
കോട്ടക്കൽ സ്വദേശിയും ന്യൂയോർക്കിൽ താമസക്കാരനുമായ യു.എ. നസീറാണ് ഈ വിവരം പങ്കുവെച്ചത്.

webdesk13: