നികുതി നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയതോടെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയുള്ള ബജറ്റ് പ്രഖ്യാപനം ഇടിത്തീ പോലെയാണ് കേരളത്തിലെ ജനങ്ങള്‍ ശ്രവിച്ചിരുന്നതെങ്കിലും ശക്തമായ ജനവികാരം വഴി അതിനു മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് ഘടക കക്ഷികളില്‍ നിന്നു മാത്രമല്ല സി.പി.എമ്മില്‍ നിന്നുപോലും ശക്തമായ എതിര്‍പ്പാണ് ധനമന്ത്രിക്ക് നേരിടേണ്ടി വന്നത്.
ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പലതിനും മാറ്റംവരുമെന്നായിരുന്നു ഇന്ധന സെസുമായി ബന്ധപ്പെട്ട് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവിന്റെ പ്രതികരണം. ഇന്ധന നികുതി കുറക്കുമെന്നുള്ള സൂചനതന്നെയായിരുന്നു സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും നല്‍കിയിരുന്നത്. മുന്നണി നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളും പാര്‍ട്ടി അണികളില്‍നിന്നു തന്നെ ഉയര്‍ന്ന ശക്തമായി പ്രതിഷേധവുമെല്ലാം സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കുമെന്നും, നിരവധി ജനവിരുദ്ധ തീരുമാനങ്ങള്‍ കൈകൊള്ളുകയും പ്രതിഷേധാഗ്നിയെ തുടര്‍ന്ന് അതില്‍നിന്നെല്ലാം യൂടേണ്‍ അടിക്കുകയും ചെയ്തിട്ടുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും പതിവു രീതി ഇക്കാര്യത്തിലും ആവര്‍ത്തിക്കുമെന്നും കരുതിയ ജനങ്ങള്‍ പക്ഷേ ഇപ്പോള്‍ തീര്‍ത്തും നിരാശയിലാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലിന്നെവരെ കാണാത്ത തരത്തിലുള്ള നികുതി വര്‍ധന നടപ്പില്‍ വരുത്തിയ ഈ സര്‍ക്കാര്‍ അതില്‍ ഉറച്ചുനില്‍ക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധന നികുതി വര്‍ധന ഒരു രൂപയായെങ്കിലും കുറക്കാനുള്ള ആലോചനകളില്‍ നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിച്ചിരിക്കുന്നത് സെസ് കുറച്ചാല്‍ അത് പ്രതിപക്ഷത്തിന്റെ വിജയമായിത്തീരുമെന്നതാണത്രെ. മന്ത്രിയുടെ മറുപടി പ്രസംഗത്തിലും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി.
രാഷ്ട്രീയ വിരോധത്താല്‍ അന്തത ബാധിച്ച ഒരു പ്രാകൃത ഭരണകൂടത്തിനു മാത്രമേ ഇത്തരത്തില്‍ കാര്യങ്ങളെ വിലയിരുത്താനാവൂ. കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി, ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന പല നല്ലകാര്യങ്ങളും മറുപടി പ്രസംഗത്തിലൂടെ ബജറ്റിന്റെ ഭാഗമാക്കി മാറ്റുന്ന പാരമ്പര്യമാണ് നമ്മുടെ സംസ്ഥാനത്തിനുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ ധനവകുപ്പ് കെ.എം മാണി ഇക്കാര്യത്തില്‍ മികച്ച മാതൃക തന്നെ സൃഷ്ടിക്കുകയുണ്ടായി. ചര്‍ച്ചകളില്‍ പലസാമാജികരും ഉയര്‍ത്തിക്കൊണ്ടുവരുന്ന കാര്യങ്ങളില്‍ ന്യായമെന്ന് തോന്നുന്നവ അംഗീകരിച്ചു നല്‍കാന്‍ ഒരു മടിയും അദ്ദഹം കാണിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ധിക്കാരത്തിന്റെ ആള്‍ രൂപങ്ങളായി മാറിയ പിണറായി സര്‍ക്കാറില്‍ നിന്നും അത്തരത്തിലൊന്ന് പ്രതീക്ഷിക്കുക വയ്യ.
വെള്ളക്കര വര്‍ധനയും സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന്റെ മകുടോദാഹരണമാണ്. ഇക്കണ്ട വര്‍ധനവുകളെല്ലാം ബജറ്റില്‍ കൊണ്ടുവന്നിട്ടും മതിവരാത്ത ഇവര്‍ വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവിലൂടെയാണ് വെള്ളത്തിന്റെ ചാര്‍ജ് വര്‍ധിപ്പിച്ചത്. മന്ത്രിയുടെ ഈ നടപടി നിയമസഭയോടുള്ള വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം മന്ത്രിയെ റൂളിങ്ങിലൂടെ വിമര്‍ശിക്കുകയുമുണ്ടായി.
ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ ജലവിഭവവകുപ്പ് മന്ത്രി സ്വയം പരിഹാസ്യനാകുന്നതിനും സഭക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. ലിറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചതെന്ന് പറഞ്ഞ മന്ത്രി ഒരു കുടുംബത്തിന് ദിവസം നൂറുലിറ്റര്‍ ജലം മതിയാകില്ലേ എന്ന് ചോദിച്ചുകൊണ്ട് ഒരു രൂപയുടെ വര്‍ധനവിനാണോ ഈ പ്രതിഷേധം എന്ന് പ്രതിപക്ഷത്തെ പുഛിക്കുകയായിരുന്നു. എന്നാല്‍ അബദ്ധം മനസിലാക്കിയ അദ്ദേഹം താന്‍ ഒരു വ്യക്തിക്ക് നൂറുലിറ്റര്‍ എന്നാണ് ഉദ്ധേശിച്ചതെന്ന് പിന്നീട് തിരുത്തി തടിയൂരുകയായിരുന്നു.
നാലംഗകുടുംബത്തിന് ഒരുമാസത്തേക്ക് ശരാശരി 20,000 ലിറ്റര്‍ വെള്ളത്തിന്റെ ഉപയോഗം എന്നു കണക്കാക്കിയാല്‍ തന്നെ 200 രൂപയുടെ അധിക ബാധ്യത വരും. വെള്ളത്തിന്റെ ബില്‍ രണ്ടുമാസത്തിലൊരിക്കലാണെന്നിരിക്കെ ഒരു ബില്ലില്‍ മാത്രം വരുന്നത് 400 രൂപയുടെ വര്‍ധനവാണ്. ഇതും സാധാരണക്കാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ പര്യാപ്തമാണ്.
ഇനി ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്. നിയമസഭാ സാമാജികരുടെ സത്യഗ്രഹസമരത്തിനുള്‍പ്പെടെ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ അലയടിക്കുന്ന ജനകീയ വികാരം ഇതിന്റെ സൂചനയാണ്.