മലപ്പുറം: പളളിക്കല്‍ കൂനൂള്‍മാടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മതിലില്‍ നിന്ന് കല്ല് അടര്‍ന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. കൂനോള്‍മാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകള്‍ ഗൗരി നന്ദയാണ് മരണപ്പെട്ടത്.
പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ പടികള്‍ പോലെ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തില്‍ കല്ല് അടര്‍ന്നു ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൂനോള്‍മാട് എ എം എല്‍ പി സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്. ആറാം ക്ലാസുകാരന്‍ ഗൗതം കൃഷ്ണയാണ് സഹോദരന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.