ഇസ്രാഈല്‍ മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ വടക്കന്‍ ഭാഗത്ത് ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. ഇക്കാര്യം ഇസ്രാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് ആണ് അറിയിച്ചത്. വടക്കന്‍ ഗസ്സയില്‍ നിന്ന് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാന്‍ അനുവദിക്കുന്നതിനായാണ് വെടിനിര്‍ത്തല്‍.
വടക്കന്‍ ഗസ്സയില്‍ നിന്ന് ആളുകള്‍ക്ക് പലായനം ചെയ്യാന്‍ 2 മാനുഷിക ഇടനാഴികള്‍ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളില്‍ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോണ്‍ കിര്‍ബി പറഞ്ഞു
അതേസമയം, തെക്കന്‍ മേഖലയില്‍ അഭയകേന്ദ്രം ലഭിക്കാതെ 30,000 പേര്‍ വടക്കന്‍ ഗസ്സയിലേക്കു തന്നെ തിരിച്ചുവന്നതായി യു.എന്‍ ഏജന്‍സി. വഴിയില്‍ ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ തെക്കന്‍ ഗസ്സയിലേക്ക് പോകാന്‍ പലരും തയാറാകുന്നില്ല.
ദിവസങ്ങള്‍ക്ക് മുമ്പാണ് തെക്കന്‍ ഗസ്സയെന്നും വടക്കന്‍ ഗസ്സയെന്നും രണ്ട് മേഖലകളാക്കി തിരിച്ചെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്. ഹമാസിനെതിരായ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രാഈല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.