X

വിസ്മയത്തേരില്‍ ഒരു പൂന്തോപ്പ്; ഷമീറയുടെ ഗൃഹാങ്കണം

ഫൈസല്‍ മാടായി

കണ്ണൂര്‍: പൂക്കളോടുള്ള ഇഷ്ടം കാടുകയറി, ഒടുവില്‍ കടലിനപ്പുറത്ത് നിന്നുമെത്തി കുറ്റിയാട്ടൂര്‍ എട്ടേയാറിലെ ‘തണല്‍’ വീട്ടില്‍ നിറഞ്ഞു അഗ്ലോനിമയുള്‍പ്പെടെ വൈവിധ്യങ്ങളുടെ നിര. വിസ്മയിപ്പിക്കും അധ്യാപികയായ ഷമീറയുടെ അലങ്കാര സസ്യ ശേഖരം.
മയ്യില്‍ പഞ്ചായത്തിലെ വീട്ടില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന ഫിലോഡെന്‍ഡ്രോണ്‍, വിവിധ വര്‍ണങ്ങളില്‍ വിളഞ്ഞ ആന്തൂറിയം, കണ്ടാല്‍ കൊതിപ്പിക്കും എപ്പിഷ്യ തുടങ്ങി വിദേശ പൂവുകളും സസ്യങ്ങളുമാണ് കാഴ്ചക്കാരില്‍ വിസ്മയമുണര്‍ത്തുന്നത്. ലക്ഷങ്ങള്‍ ചിലവിട്ട് വാങ്ങിയതാണ് വര്‍ണവൈവിധ്യം തൂവും ചെടികള്‍. വിവിധ നിറങ്ങളില്‍ വിരിഞ്ഞ പൂക്കളുടെ സൗന്ദര്യം പ്രദേശവാസികള്‍ക്കും കൗതുക കാഴ്ചയാണിപ്പോള്‍.

വിദേശ വിപണിയില്‍ വിലയേറിയ ഇനങ്ങളാണ് ഷമീറയുടെ വീട്ടിലെ ഓരോ പൂവും. മേലാനോഗ്രയിസ്, പിങ്ക് പ്രിന്‍സസ് അങ്ങിനെ നീളുന്നു ആയിരത്തോളം വ്യത്യസ്ത ചെടികളുടെ ശേഖരം. ചെറുപ്പം മുതലേയുണ്ട് ചെടികളോടുള്ള ഇഷ്ടം. നാട്ടില്‍ ലഭ്യമായ ചെടികളിലൂടെയാണ് തുടക്കം. അത് ഒരു ഹോബിയായി വളര്‍ന്നതോടെ വിദേശയിനങ്ങളാല്‍ സമ്പുഷ്ടമായ പൂന്തോട്ടമായി പുഷ്പിച്ചു.
കുറ്റിയാട്ടൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയായ എം.കെ ഷമീറയ്ക്ക് ഇഷ്ടം പൂവിട്ട് ഉണങ്ങിക്കരിഞ്ഞുവീഴുന്ന ചെടികളേക്കാള്‍ നിത്യഹരിതങ്ങളായി വളരും അലങ്കാര ചെടികളോടാണ്. കോവിഡ് കാലത്തെ വിരസത തന്നെയാണ് ഷമീറയുടെ വീട്ടുമുറ്റവും പൂങ്കാവനമാക്കി മാറുന്നതിലെത്തിയത്. ഓണ്‍ലൈനായും വിദേശത്തെ സുഹൃത്തുക്കളിലൂടെയുമാണ് ചെടികള്‍ സ്വന്തമാക്കാറ്.
സമൂഹമാധ്യമങ്ങളിലൂടെ ഇന്‍ഡോര്‍ ഗാര്‍ഡനിംഗിലെ താരം അഗ്ലോനിമയുടെ മൂല്യം അറിഞ്ഞതോടെ അവയുടെ പുതിയ ഇനങ്ങളും സ്വന്തമാക്കി തുടങ്ങുകയായിരുന്നു. ഈ പൂന്തോപ്പില്‍ ഇപ്പോള്‍ 150 ഇനം അഗ്ലോനിമയുണ്ട്. ജോലിസംബന്ധമായ പിരിമുറുക്കം കുറക്കാനും മാനസിക ഉല്ലാസത്തിനും ചെടിപരിപാലനം സഹായിക്കുമെന്ന് ഷമീറ പറയുന്നു. അലങ്കാര ചെടികള്‍ക്കൊപ്പം മട്ടുപ്പാവ് പച്ചക്കറി കൃഷിയും വിജയകരമായി നടത്തുന്നുണ്ട് ഈ അധ്യാപിക.കൃഷിഭവന്റെ സഹകരണത്തോടെ 250ലധികമുണ്ട് ചെടിചട്ടികളില്‍ വളരുന്ന പച്ചക്കറി ഇനങ്ങള്‍. അധ്യാപകനായ ഭര്‍ത്താവ് ഇബ്രാഹിമും മക്കള്‍ മെഹജുബായും മിസ്ബാഹും ഒപ്പമുണ്ട്

webdesk11: